മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ പത്ത് ദിവസം നീണ്ട രാഷ്ട്രീയ നാടകത്തിന് നാളെ തിരശീല വീഴുമെന്ന് സൂചന. മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ മുഖ്യമന്ത്രി ആരെന്നതില്‍ ഹൈക്കമാന്റ് തീരുമാനം നാളെ ഉണ്ടാകുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു.
102 സീറ്റുകള്‍ നേടി മിന്നുന്ന വിജയം സ്വന്തമാക്കിയിട്ടും യു.ഡി.എഫിന് മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ സാധിക്കാത്തതില്‍ അണികള്‍ക്ക് ഇടയില്‍ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. തീരുമാനം കോണ്‍ഗ്രസിന്റേത് ആയതിനാല്‍ മറ്റ് ഘടകകക്ഷികളും വിയോജിപ്പ് പരസ്യമാക്കി തുടങ്ങി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന കെസി വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നുവെന്ന ചര്‍ച്ചകളാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്. എംഎല്‍മാരില്‍ ഭൂരിഭാഗവും കെസിക്ക് ഒപ്പമാണ്. കേരളത്തില്‍ നിന്നുള്ള എംപിമാരും മുന്‍ കെപിസിസി അദ്ധ്യക്ഷന്‍മാരും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും കെസിക്ക് ഒപ്പമാണ്. മുഖ്യമന്ത്രി കസേരയ്ക്ക് അവകാശ വാദമുന്നയിച്ച് വി.ഡി സതീശനും രമേശ് ചെന്നിത്തലയും മുന്നോട്ട് വന്നതോടെയാണ് തീരുമാനം നീണ്ടുപോയത്.



















