എന്‍ജിനീയറിംഗ്, ഫാര്‍മസി കോഴ്‌സ് പ്രവേശനം

2026-27 അധ്യയന വര്‍ഷത്തെ എന്‍ജിനീയറിംഗ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിലും, ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, ഷാര്‍ജ, ബഹറിന്‍, കുവൈറ്റ് എന്നിവിടങ്ങളിലുമായി ആകെ 152 കേന്ദ്രങ്ങളില്‍ നടക്കും. എന്‍ജിനിയറിങ് പരീക്ഷ 17 മുതല്‍ 22 വരെ ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും ഫാര്‍മസി പരീക്ഷ ഏപ്രില്‍ 18 മുതല്‍ 20 വരെ രാവിലെ 10 മുതല്‍ 11.30 വരെയും നടക്കും. പരീക്ഷ തുടങ്ങുന്നതിന് 2 മണിക്കൂര്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യണം. വിദ്യാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി, ആധാര്‍ കാര്‍ഡ്/ഇ-ആധാര്‍, ഫോട്ടോ പതിച്ച ഹാള്‍ ടിക്കറ്റ്, അല്ലെങ്കില്‍ പഠനം പൂര്‍ത്തിയാക്കിയ സ്ഥാപന മേധാവി/ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് തിരിച്ചറിയല്‍ രേഖയായി കരുതണം. പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ ലഭിക്കും. എന്‍ജിനിയറിങ് കോഴ്‌സിന് 1,08,409 വിദ്യാര്‍ത്ഥികളും ഫാര്‍മസി കോഴ്‌സിന് 39,737 വിദ്യാര്‍ത്ഥികളുമാണ് പ്രവേശന പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ളത്. ഫോണ്‍: 0471 2332120.