ലൈംഗിക വീഡിയോ ചിത്രീകരിച്ചു: രാഹുലിന് എതിരെ അതിജീവിത കോടതിയില്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ പരാതിക്കാരി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കടുത്ത ആരോപണങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്.

തനിക്ക് നേരിടേണ്ടിവന്നത് ക്രൂരമായ ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച തന്റെ നഗ്‌ന വീഡിയോ രാഹുലിന്റെ ഫോണിലുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ നിലവില്‍ പൊലീസിന്റെ കൈവശമുള്ള ഫോണിലെ ദൃശ്യങ്ങള്‍ എം.എല്‍.എ കൈക്കലാക്കി ദുരുപയോഗം ചെയ്‌തേക്കാമെന്ന് അതിജീവിത കോടതിയെ അറിയിച്ചു.

ഗര്‍ഭഛിദ്രം നടത്തിയത് ഭീഷണിപ്പെടുത്തിയാണെന്നും സുഹൃത്ത് ജോബി എത്തിച്ചു തന്ന ഗുളികകള്‍ കഴിച്ചത് രാഹുല്‍ വീഡിയോ കോളിലൂടെ ഉറപ്പ് വരുത്തിയെന്നും യുവതി ആരോപിക്കുന്നു. ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്ദ സന്ദേശങ്ങളും സത്യവാങ്മൂലത്തിനൊപ്പം യുവതി ഹാജരാക്കി. രാഹുല്‍ മനോവൈകൃതമുള്ളയാളാണെന്നും ജാമ്യാപേക്ഷയില്‍ വക്രീകരിച്ച സത്യങ്ങളും അര്‍ദ്ധസത്യങ്ങളും പറഞ്ഞ് വിചാരണകോടതിയെയും ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടത്തിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അധികാരവും സ്വാധീനവുമുള്ള എംഎല്‍എയ്ക്ക് ജാമ്യം നല്‍കുന്നത് ഇനി മുന്നോട്ട് വരാനുള്ള പരാതിക്കാരെ നിശബ്ദരാക്കുമെന്നും യുവതി കോടതിയെ അറിയിച്ചു.

അതേസമയം, രാഹുലിന് എതിരായ ഗുരുതര ആരോപണങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ പ്രതിയായ പത്തോളം പീഡനക്കേസുകളെപ്പറ്റി അന്വേഷണ സംഘത്തിന് വിവരമുണ്ട്. അതില്‍ ഒന്ന് പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ കാര്യങ്ങളില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.