ബൈക്ക് തടഞ്ഞതിന് പിന്നാലെ അപകടം: ബൈക്ക് യാത്രികരെ ഉപേക്ഷിച്ച് പോലീസ് കടന്നതായി ആക്ഷേപം

ആലപ്പുഴയില്‍ ക്രിസ്മസ് ആഘോഷം കഴിഞ്ഞുവന്ന ബൈക്ക് തടഞ്ഞതിന് പിന്നാലെ അപകടത്തിലായി പോലീസ് ഉദ്യോഗസ്ഥനും ബൈക് യാത്രികരും. വെള്ളിയാഴ്ച പുലര്‍ച്ചെ 4ന് കണ്ണമാലിക്കടുത്തുള്ള ചെല്ലാനം തീരദേശ റോഡിലായിരുന്നു സംഭവം. വാഹന പരിശോധനയുടെ ഭാഗമായി ബൈക്കില്‍ വന്ന യുവാക്കളെ പൊലീസ് തടയാന്‍ ശ്രമിച്ചതാണ് അപകടത്തിലേയ്ക്ക് നയിച്ചത്. സംഭവത്തില്‍ കണ്ണമാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും ബൈക്ക് യാത്രികനും പരുക്കേറ്റു. തുടര്‍ന്നു യുവാവിനെ ഉപേക്ഷിച്ചു പൊലീസുകാരനുമായി പൊലീസ് സംഘം അപകടസ്ഥലത്തുനിന്നും കടന്നതായാണ് ആരോപണം.

ആലപ്പുഴ കൊമ്മാടി കളരിക്കുന്ന രാജേന്ദ്രന്റെ മകന്‍ അനില്‍ (27), സുഹൃത്ത് രാജന്‍ (27) എന്നിവര്‍ക്കാണ് സംഭവത്തില്‍ പരുക്കേറ്റത്. മൂക്കിനും കാലിനും ഗുരുതരമായി മുറിവേറ്റ അനിലിനെ സുഹൃത്ത് ബൈക്കില്‍ കെട്ടിവച്ചാണ് 22 കിലോമീറ്ററോളം ദൂരെയുള്ള ചെട്ടികാട് ഗവ. ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്നും ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.