കണ്ണൂരില്‍ ഭാര്യയുടെ ചികിത്സയ്ക്ക് പണം സ്വരൂപിക്കാന്‍ സമ്മാന കൂപ്പണിലൂടെ വീട് വില്ക്കാന് ശ്രമിച്ച മുന്‍ പ്രവാസി അറസ്റ്റില്‍. 1500 രൂപയുടെ കൂപ്പണ്‍ എടുത്താല്‍ സമ്മാനമായി 3300 സ്ക്വയര്‍ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും വാഗ്ദാനം ചെയ്ത കേളകം പഞ്ചായത്ത് അടയ്ക്കാത്തോട് കാട്ടുപാലം ബെന്നി തോമസാണ് അറസ്റ്റിലായത്. കൂപ്പണ്‍ വിറ്റ് നറുക്കെടുപ്പിനുള്ള തീയതിയും പ്രഖ്യാപിച്ചതിന് പിന്നാലെ ലോട്ടറി വകുപ്പിന്റെ പരാതിയിലാണ് അറസ്റ്റ്.
ജപ്തി നടപടികളില്‍നിന്ന് രക്ഷപ്പെടാനും ഭാര്യയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനുമാണ് ബെന്നി തോമസ് നറുക്കെടുപ്പ് സംഘടിപ്പിച്ചത്. ഇതിനായി വീടും സ്ഥലവും വാഹനങ്ങളും നറുക്കെടുപ്പില്‍ വച്ചു. എന്നാല്‍ ശനിയാഴ്ച നറുക്കെടുക്കാനിരിക്കെ സംഭവത്തില്‍ കേസെടുത്ത പോലീസ്, അവശേഷിച്ച കൂപ്പണുകളും പിടിച്ചെടുത്തു. നറുക്കെടുപ്പിന് കൂപ്പണ്‍ വില്‍പ്പന തുടങ്ങിയപ്പോള്‍ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയെന്നും നറുക്കെടുപ്പുമായി മുന്നോട്ടു പോകുന്നതില്‍ തടസ്സമില്ലെന്നും അറിയിച്ചതാണെന്നുമാണ് ബെന്നി പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ ബെന്നിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.



















