ഡൽഹിയിൽ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഇക്കഴിഞ്ഞ ഒക്ടോബർ മുതൽ പ്രദേശവാസികൾ ശ്വസിക്കുന്നത് വളരെ മോശം വായുവാണ്. ഡിസംബർ പകുതിയായതോടെ ഡൽഹിയിലെ പലയിടങ്ങളിലും വായുനിലവാര സൂചിക 600 കടന്നു. ചിലയിടങ്ങളിൽ ഇത് തീവ്രമായ 1000 കടക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമായ ലോക്കൽ സർക്കിൾസ് നടത്തിയ സർവേ പ്രകാരം എൺപത്തിരണ്ട് ശതമാനത്തിലേറെ പേർ വായുമലിനീകരണം മൂലം തീവ്രമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഡൽഹി, ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള 34,000 പേരെ പങ്കെടുപ്പിച്ചാണ് സർവേ നടത്തിയത്. കഴിഞ്ഞ പത്തുവർഷത്തിലേറെയായി വായുമലിനീകരണം എങ്ങനെയാണ് ഡൽഹിയിലെ കുടുംബങ്ങളെ ബാധിച്ചതെന്നും സർവേയിൽ വ്യക്തമാക്കുന്നുണ്ട്. ആസ്ത്മ, സിഒപിഡി, പക്ഷാഘാതം, ശ്വാസകോശ പ്രശ്നങ്ങൾ, തുടങ്ങിയവയാണ് കൂടുതലായും കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങൾ. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുക, വ്യാവസായിക മാലിന്യം നിയന്ത്രിക്കുക, വായുമലിനീകരണം മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരെ പിന്തുണയ്ക്കുക തുടങ്ങിയവയാണ് പരിഹാരമാർഗങ്ങളായി പൊതുജങ്ങൾ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ.






















