കേരളത്തിൽ കാൻസർ രോഗികളുടെനിരക്കിൽ 54 ശതമാനം വർധന

കേരളത്തിലെ കാൻസർ രോഗികളുടെ എണ്ണത്തിൽ ആശങ്കപ്പെടുത്തുന്ന വർധനവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ കാൻസർ ബാധിതരുടെ നിരക്ക്‌ 54 ശതമാനം വർധിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജനസംഖ്യാ കണക്കുകൾ താരതമ്യം ചെയ്താൽ ദക്ഷിണേന്ത്യൻ സംസ്ഥാനത്തേക്കാൾ കാൻസർ രോഗബാധ കൂടുതൽ കേരളത്തിലാണെന്നാണ് വിലയിരുത്തൽ. 2015 ൽ സംസ്ഥാനത്ത് 39,672 കാൻസർ കേസുകളാണ് ഉണ്ടായിരുന്നത് എങ്കിൽ 2024-ൽ ഇത് 61,175 ആയി ഉയർന്നു. സംസ്ഥാനത്തെ പ്രതിശീർഷ കാൻസർ കേസുകൾ പരിശോധിച്ചാൽ ഒരു ലക്ഷം പേരിൽ 173 പേർ രോഗ ബാധതരാണ് എന്ന് വിലയിരുത്തേണ്ടിവരും. ഒരു വർഷം മുൻപ് ഇത് 114 ആയിരുന്നു. ഐസിഎംആർ-നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാമിലെ വിവരങ്ങൾ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 2018 ന് ശേഷം കേരളത്തിലെ കാൻസർ കേസുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായി. 2019-ൽ ആണ് വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തിയത്. ഇതിന് ശേഷമുള്ള വർഷങ്ങളിൽ ശരാശരി 1,000 കേസുകളുടെ സ്ഥിരമായ വർധനവ് ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.