കാൻസർ ചികിൽസാ രംഗത്ത് പുത്തൻ പ്രതീക്ഷ

രോഗനിര്‍ണയത്തിലും ചികിത്സയിലും ന്യൂക്ലിയാര്‍ മെഡിസിന്റെ സാധ്യതകള്‍ കൂടുതലായി പ്രയോജനപ്പെടുത്തല്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ തലത്തില്‍ ന്യൂക്ലിയാര്‍ മെഡിസിനില്‍ പി.ജി കോഴ്‌സ് ആരംഭിക്കുന്നു. രാജ്യത്ത് ആദ്യമായി കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ഈ ബിരുദാനന്തര ബിരുദ കോഴ്സ് ആരംഭിക്കുന്നത്. രണ്ട് സീറ്റാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്. കാന്‍സര്‍ ചികിത്സാരംഗത്തെ സുപ്രധാന ചുവടുവെപ്പായിരിക്കും ഇതെന്ന് മെഡിക്കല്‍ വിദഗ്ധര്‍ അഭിപ്രയപ്പെടുന്നു. കാന്‍സര്‍ ചികിത്സയില്‍ അത്യാധുനിക സംവിധാനങ്ങളൊരുക്കാന്‍ ഇത് വഴിതെളിയിക്കുമെന്നാണ് പ്രതീക്ഷ. ശരീരത്തിലെ കോശങ്ങളുടെ പ്രവര്‍ത്തനം സൂക്ഷ്മതലത്തില്‍ അറിയാനും രോഗാവസ്ഥ മനസ്സിലാക്കി രോഗബാധിത കോശങ്ങളെമാത്രം ലക്ഷ്യമാക്കി ചികിത്സ നല്‍കുന്നതിനും ന്യൂക്ലിയാര്‍ മെഡിസിന്‍ സാങ്കേതികവിദ്യ വഴി സാധ്യമാകും. മറ്റു വിവിധ ചികില്‍സാ വിഭാഗങ്ങള്‍ക്കും ഇത് സഹായകരമാകും. ന്യൂക്ലിയാര്‍ മെഡിസിനില്‍ ഡോക്ടര്‍മാരെപ്പോലെ അനിവാര്യമാണ് ടെക്‌നീഷ്യന്മാരും. അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് അംഗീകാരമുള്ള ബി.എസ്.സി കോഴ്സ് കഴിഞ്ഞവരായിരിക്കണം ടെക്‌നിഷ്യന്‍മാരായി പ്രവര്‍ത്തിക്കേണ്ടത്. ഈ കോഴ്‌സും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉണ്ട്. 2024ലാണ് ഇതിന്റെ ആദ്യബാച്ച് തുടങ്ങിയത്. ഈ വിഭാഗത്തില്‍ ആറ് സീറ്റുകളാണുള്ളത്.