കോവിഡ് മഹാമാരിക്കുശേഷം ഹൃദ്രോഗത്തിൽ നാലുമടങ്ങ് വർധനയുണ്ടായതായി പഠനം. കൊറോണ വൈറസ് കാരണം രക്തക്കുഴലുകളിലെ കോശങ്ങളിലുണ്ടായ വീക്കമായിരിക്കാം ഇതിനു കാരണമെന്നും ചെന്നൈയിലെ ഓമാന്ദുരാർ ഗവ. മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം നടത്തിയ പഠനത്തിലാണ് ഈക്കാര്യം വ്യക്തമാക്കിയത്. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ളവരിൽ ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളുടെ അസാധാരണമായ വികാസത്തിൽ നിന്നുണ്ടാകുന്ന കൊറോണറി ആർട്ടറി എക്ടാസിയ രോഗം വർധിച്ചതായി പഠനം കണ്ടെത്തി. 18 മുതൽ 80 വയസ്സുവരെയുള്ളവരുടെ ഏഴുവർഷത്തെ രോഗവിവരങ്ങളും ആൻജിയോ പരിശോധനാ ഫലങ്ങളും പഠനവിധേയമാക്കി. കോവിഡിനു മുൻപുള്ള കാലയളവായ 2017 മുതൽ 2019 വരെ 8,300 പേരുടെയും 2020 മുതൽ 2023 വരെ 11,420 പേരുടെയും വിവരങ്ങൾ വിശകലനം ചെയ്തു. ഇതിൽ കൊറോണറി ആർട്ടറി എക്ടാസിയ വർധിച്ചതായി കണ്ടെത്തി. കോവിഡിനുശേഷം ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകൾ ഒന്നര ഇരട്ടിയോ കൂടുതലോ വലുതായി വീർക്കുന്നുണ്ട്. ഇത് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം ദുർബലമാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നു. ഇത് ധമനികളിൽ രക്തം കട്ടപിടിക്കുന്നതിനും ഹൃദയാഘാതത്തിനും കാരണമാകുമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. യൂറോപ്യൻ ഹാർട്ട് ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.



















