‘കാനറ ദേശത്തേയ്ക്ക്’

മൂകാംബികയില്‍ നിന്നും വിളി വന്നു. വിളിക്കാത്ത കുറച്ചു സ്ഥലങ്ങളില്‍ കൂടി പോകാന്‍ തീരുമാനിച്ചു. ഗൂഗിള്‍ മിഴി തുറന്നപ്പോള്‍ കാനറദേശത്തിന്റെ വിശദാംശങ്ങള്‍ കൈക്കുമ്പിളില്‍.. ഞായറാഴ്ച ഉച്ചയ്ക്ക് നേത്രാവതി എക്‌സ്പ്രസില്‍ യാത്ര തുടങ്ങി.. ആലുവാപ്പുഴ കടന്ന് പേരാറിന്റെ വറുതിയറിഞ്ഞ് കോയിക്കോടെത്തിയപ്പോളേക്കും സൂര്യന്‍ മിഴിയടച്ചു. അങ്ങനെ കാഴ്ചകള്‍ക്ക് കര്‍ട്ടനിട്ട് ബര്‍ത്തിലേക്ക് ചുരുണ്ടു.

IMG-20170303-WA0005

Day- 1

നിദ്രാദേവി അത്രയ്ക്കങ്ങ് അനുഗ്രഹിച്ചില്ല. ഉഡുപ്പി ആയപ്പോളേക്കും ഉണര്‍ന്നൂ. രാത്രിയുടെ രണ്ടാം യാമത്തില്‍ കുന്ദാപുരയില്‍ ഇറങ്ങി. മൂകാംബികയ്ക്ക് ആദ്യ ബസ് 6 മണിക്ക് എന്നറിഞ്ഞു. അവിടെ കണ്ട രണ്ടു ബഞ്ചിലിരുന്ന് ചെറുതായി മയങ്ങി. വെളുപ്പിനെ ഓട്ടോ പിടിച്ച് കുന്ദാപുര സ്റ്റാന്റിലേക്ക്. ആനന്ദിനെ വിളിച്ച് വാചകമടിക്കുന്നതിനിടെ ബസ് വിട്ടു പോയി. വീണ്ടും ഓട്ടോയില്‍ അടുത്ത ജഗ്ഷനിലേക്ക്. 7.15നു കൊല്ലൂര്‍ ബസ് കിട്ടി. മൂകാംബിക വന്യജീവി സങ്കേതത്തിലൂടെ ഒരു മണിക്കൂര്‍ യാത്ര.. മോഹന്‍ലാലിന്റെ ‘കിഴക്കുണരും പക്ഷി’ യിലെ മനോഹരഗാനം ഓര്‍ത്തു.. സുബിന്റെ വക ഉടന് fb സ്റ്റാറ്റസ് …

സൌപര്‍ണികാമൃത വീചികള്‍ പാടും…,നിന്റെ സഹസ്രനാമങ്ങള്‍… ജഗദംബികേ.. മൂകാംബികേ.. .”

കൈരളി റസിഡന്‌സിയിലെത്തി ഫ്രഷായി നേരെ കുടജാദ്രിക്ക്. ഒരാള്‍ക്ക് 350 രൂപയാണ് ജീപ്പ് റേറ്റ്. മൊത്തമായി ആണെങ്കില് 2800 .. തുക ഒരു നഷ്ടമല്ല എന്നു പിന്നീടാണറിയുന്നത്. നിട്ടൂറ് കഴിഞ്ഞുള്ള 9 km ഓഫ് റോഡ് യാത്ര അവിസ്മരണീയം. ഡ്രൈവറുടെ വൈദഗ്ദ്യത്തിനു മുന്നില്‍ നമിക്കാനേ പറ്റൂ. ഒന്നര മണിക്കൂറോളം യാത്രയുണ്ട്. കുടജാദ്രിയിലാണ് മൂകാംബിക ക്ഷേത്രത്തിന്റെ മൂലസ്ഥാനം. ഞങ്ങളുടെ പ്രധാനലക്ഷ്യം ‘മിനി’ സര്വജ്ഞപീഠം കയറുക എന്നതായിരുന്നു. വെയിലുണ്ടെങ്കിലും തണുത്ത കാലാവസ്ഥയായതിനാല്‍ ക്ഷീണിച്ചില്ല. വേഗത്തില്‍ മുകളിലെത്തി. സാക്ഷാല്‍ ശങ്കരാചാര്യര്‍ സ്ഥാപിച്ചെന്നു കരുതുന്ന ശ്രീകോവിലില്‍ ഇപ്പോള്‍ അദ്ദേഹത്തെത്തന്നെ കുടിയിരുത്തിയിട്ടുണ്ട്. ശ്രീകോവിലിന്റെ മുകളില്‍ 8 ശ്രീചക്രങ്ങള്‍ കൊത്തി വെച്ചിട്ടുണ്ട്. ശങ്കരാചാര്യരെ പ്രീതിപ്പെടുത്താന്‍ വൈവിധ്യമായ പൂജാവിധികള്‍ തയ്യാറാക്കി പൂജാരി കാത്തിരിക്കുന്നു… എന്തായാലും ശങ്കരനു കൈക്കൂലി കൊടുക്കാന്‍ നിന്നില്ല, തന്ത്രിക്ക് ചെറിയൊരു ദക്ഷിണ വെച്ച് കുറച്ച് ഫോട്ടോ സംഘടിപ്പിച്ചു. സമീപത്തുള്ള കുറച്ച് ദുര്‍ഘടമായ ചെരിവിറങ്ങിയാല്‍ സൌപര്‍ണിക നദിയുടെ ഉത്ഭവം കാണാം.. കയറ്റം കയറുമ്പോള്‍ ദൂരത്തായി തടാകം പോലെ ഒരു പ്രദേശം കണ്ടിരുന്നു, അതെന്തെന്നറിയാന്‍ തൊട്ടടുത്ത മലയിലും കയറി. ഒരു ചെറിയ ‘ടേബിള്‍ ടോപ്പ്’ പോലെ. അവിടെ നില്‍ക്കുമ്പോള്‍ ഒരു വശത്ത് കുടജാദ്രി, താഴ്‌വാരത്തില്‍ മൂകാംബിക, പശ്ചിമഘട്ടത്തിന്റെ പേരറിയാ ദേശങ്ങള്‍…തീര്‍തഥാടന കേന്ദ്രങ്ങളില്‍ ഭക്തിക്കപ്പുറം ആത്മീയത നമ്മള്‍ നേടുന്നത് ഇത്തരത്തില്‍ പ്രകൃതിയുമായി താദാമ്യം പ്രാപിക്കുന്ന ചില അവസരങ്ങളിലാണ്.. തിരികെ ഓടിയിറങ്ങി ഒരു കുളത്തില്‍ മുഖം കഴുകി, മീനുകള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തുതന്നു. കൊല്ലൂരെത്തിയപ്പോള്‍ ഉച്ച കഴിഞ്ഞു.

IMG-20170302-WA0022

വൈകിട്ട് സൌപര്‍ണികയുടെ തീരത്ത് പോയി.. നദിയെന്നു പോയിട്ട് തോടെന്നു വിളിക്കാനകാത്ത അവസ്ഥ. ഇടശ്ശേരി ഇത് വഴി വരാഞ്ഞത് നന്നായി.. അതും കഴിഞ്ഞാണ് ക്ഷേത്രത്തില്‍ പോയത്. ‘കരിമഷി പടരുന്ന കല്‍ വിളക്കുകള്‍ തെളിയുന്ന ചേതോഹരമായ കാഴ്ചയാണ് ഞങ്ങളെ വരവേറ്റത്. കാണിക്കയിടുന്ന ശീലം ഇല്ലാത്തതിനാല്‍ പ്രദക്ഷിണം കഴിഞ്ഞ് പുറത്ത് ആള്‍ക്കൂട്ടത്തിലൊരാളായി നിന്നു. അമ്മ തന്നതാണ് എന്നും പറഞ്ഞ് കൂടെയുണ്ടായിരുന്ന സഖാവ് നേര്‍ച്ചയിടാന്‍ ഭണ്ഡാരം നോക്കിപ്പോയി. എന്തേലും വാങ്ങണമല്ലോ എന്നോര്‍ത്ത് നോക്കുമ്പോഴാണ് ‘ലഡു പ്രസാദം’ എന്നു കണ്ടത്. ക്യൂവില് കയറി. ഒരു ലഡുവിനു വെറും 25 രൂപ, പെട്ടുപോയ സ്ഥിതിക്ക് 4 എണ്ണം വാങ്ങി. ക്ഷേത്രമതില്‍ക്കുള്ളില്‍ത്തന്നെ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണരഥവും കണ്ടു. ഏതോ കന്നഡിഗ ജന്മിമാരുടെ വകയായിരുന്നു ദീപം തെളിയിക്കല്‍.. അതൊക്കെ കണ്ട് പതുക്കെ പുറത്തിറങ്ങി. കുറേ കടകള്‍ കയറിയിറങ്ങി. മയൂര ഹോട്ടലില്‍ നിന്നും കഞ്ഞി കുടിച്ചു. അതിനു മുമ്പ് കറി എന്തൊക്കെ എന്നു ചോദിച്ചപ്പോള്‍ ‘ഉപ്പേരി’യുണ്ട് എന്നു പറഞ്ഞു. പയറു തോരനാണ് കക്ഷി ഉദ്ദേശിച്ചത്. ഉച്ചയൂണ് അത്ര നന്നായിരുന്നില്ല. ആ പ്രശ്‌നം പരിഹരിച്ചു. നേരെ ലോഡ്ജിലേക്ക്. മാനേജരുടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടിലുണ്ട്. അങ്ങനെയാണ് ‘കൈരളി’യില്‍ വന്നതു തന്നെ. നാട്ടിലെ കഥയൊക്കെ പറഞ്ഞു. നാളെ ഞങ്ങള്‍ക്ക് ജോഗ്, മുരുടേശ്വറ് പോകണം, വഴിയൊക്കെ തിരക്കി അന്നെടുത്ത ഫോട്ടോകളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തി ചൂടുവെള്ളത്തിലൊരു കുളി കൂടി പാസ്സാക്കി നേരെ ബെഡ്ഡിലേക്ക് ചരിഞ്ഞു..

……. stay tuned :PDay- 2

രാവിലെ തന്നെ ജോഗിനു പോകാന്‍ റെഡിയായി…വിദ്യാദേവതയുടെ മണ്ണായ കൊല്ലൂറിനോട് വിട.. മഞ്ഞിന്റെ മായിക വലയത്തില്‍ കുടജാദ്രി ആലസ്യത്തിലാണ്… ‘മനുഷ്യന്‍ കയറിക്കയറി മല താഴ്ന്നു വരികയാണ്’ എന്നു വായിച്ചതോര്‍ത്തു.. ഞങ്ങള്‍ കൈരളിയിലെ റൂം വെക്കേറ്റ് ചെയ്തു. നാട്ടുകാരനോടുള്ള പരിഗണനയില്‍ മാനേജര്‍ കൊച്ചേട്ടന്റെ വക സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടും..

Kairali Residency : 094483 27447 , 0 8277 44 0000

7 നു ‘സാഗര’ ബസ് എത്തി. 85 ആണ് ടിക്കറ്റ് റേറ്റ്. തലേന്ന് രാവിലെ കുന്ദാപുരയില്‍ നിന്നു മിസ്സായ ബസ്.. കാനറയില്‍ര്‍ ഗ്രാമനഗള്‍ ഉണര്‍ന്നു വരുന്നതേയൂള്ളു..വഴി നീളെ ആളുകള്‍ കയറി ബസ് നിറഞ്ഞു.. അതിര്‍ത്തി കടന്നാല്‍ ’14 സെക്കണ്റ്റിന്റെ നിയമം ബാധകമല്ല എന്നു തോന്നുന്നു, നിയമലംഘനത്തിനു പ്രത്യാഘാതങ്ങളൊന്നും ഉണ്ടായില്ല.. ഇടയ്ക്ക് സര്‍പ്രൈസായി ശരാവതി നദി ജങ്കാറില്‍ കടക്കേണ്ടി വന്നു. 9:30 നു സാഗരയിലെത്തി. ജോഗ് ബസ് കിട്ടിയത് 10:30 നാണ്..തലഗുപ്പ വഴി ഒരു മണിക്കൂര്‍ യാത്ര..

ജോഗില്‍ പ്രവേശന ഫീസ് 5 രൂപ. അതിരപ്പള്ളിയിലെ മാന്യന്‍മാര്‍ ഇവിടുത്തെ ക്രമീകരണങ്ങള്‍ കാണേണ്ടതു തന്നെ..ലഗേജ് ക്‌ളോക്ക് റൂമില്‍ വെച്ച് താഴേക്ക് പടികളിറങ്ങി, വെറും 1400 സ്റ്റെപ്പുകള്‍.. കുറച്ചായപ്പോളെ മുട്ടു വിറച്ചു തുടങ്ങി. അര മണിക്കൂറ് കൊണ്ട് ദൌത്യം വിജയകരമായി പൂര്‍ത്തിയാക്കി.. ജോഗിണ്‌റ്റെ വിശ്വ രൂപം കാണാന്‍ മണ്‍സൂണില്‍ വരണം. ജൂണ്‍-ആഗസ്റ്റ് ആണ് സീസണ്‍.. സെക്യൂരിറ്റി ജീവനക്കാരനില്‍ നിന്നു വിവരണം കേട്ട് സായൂജ്യമടഞ്ഞു. ഭാഗ്യത്തിനു ക്യാമറയില്‍ പതിയാന്‍ മാത്രം വെള്ളമുണ്ടായിരുന്നു..നാലു ജലപാതങ്ങള്‍ അടുത്തായും(രാജാ, റൊറൊ,റോക്കറ്റ്,റാണി), കുറച്ചു മാറി ‘ലേഡി’ തനിച്ചും..ഉയരം കൂടുതലായതു കൊണ്ടും വെള്ളം കുറവായതു കൊണ്ടും പതിക്കുമ്പോളെക്കും മഞ്ഞു കണങ്ങള്‍ പോലെയാണ്..’രാജാ’യിലെ ജലം കര്‍വാര്‍ ജില്ലയുടേയും, ‘റാണി’യിലേത് ഷിമോഗയുടേയും ദാഹമകറ്റുന്നു.. കുറേ നേരം ആലോചിച്ച് തണ്‌റ്റെ സോദരി കേരളത്തിലെ ‘ത്രിവന്തപുര്‍’ സിറ്റിയിലാണെന്നു സെക്യൂരിറ്റിക്കാരന്‍ പറഞ്ഞു.. തിരികെ കയറ്റവും കഠിനം തന്നെ..ഹൊന്നാവര വഴി മുരുടേശ്വര്‍ പോകാനാരുന്നു പ്ലാന്‍, പക്ഷേ ഇനി ബസ് 3മണിക്കെ ഉള്ളു എന്നറിഞ്ഞു..ജംഗ്ഷനിലെത്തിയപ്പോ ഒരു ഷിമോഗ ബസ് കിടക്കുന്നു. അത് ഞങ്ങള്‍ക്ക് പോകേണ്ട വഴിയിലൂടാണോ പോകുന്നത് എന്നറിയാന്‍ രാഷ്ട്ര ഭാഷയിലൂടെ ഒരു ശ്രമം നടത്തി. ഡ്രൈവര്‍ ചിരിച്ച് കൊണ്ട് ചോദിച്ചു ‘മലയാളിയാണല്ലേ ?’.. കക്ഷിയുടെ പേര് മദന്‍മോഹന്‍, മാവെലിക്കരകാരനാണ്..പുതിയ പ്ലാനായി, ഭട്കല്‍ വഴി മുരുടേശ്വര്‍. കുറച്ച് മുന്‍പ് പോയ ബസിലെ ഡ്രൈവറെ വിളിച്ച് ആ ബസ് കര്‍ഗല്‍ എന്ന സ്ഥലത്ത് നിര്‍ത്തിച്ച് ഞങ്ങളെ അതില്‍ കയറ്റിവിട്ടു. വിശാല മനസ്‌കനായ മദന്‍മോഹന്‍ ചേട്ടനോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.. അവിടെ നിന്നും ഭട്കലിലേക്ക് 72 km, 65 രൂപ. ശരാവതി വന്യജീവി സങ്കേതത്തിലൂൂടെയാണ് യാത്ര. ഇടയ്ക്ക് കുറേ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ കയറി, അവരോടുള്ള കണ്ടക്ടറുടെ പെരുമാറ്റം കണ്ട് സന്തോഷം തോന്നി. നിത്യേനെ കണ്‍സഷന്‍ കാര്‍ഡില്‍ ഗവേഷണം നടത്തുന്ന നാട്ടിലെ ചിലരെ ഓര്‍ത്തു.. ബസ്സ്‌റ്റോപ്പുകളെല്ലാം തന്നെ വിജനമാണ്.

ഭട്കലില്‍ എത്തിയപ്പോ 5:30 .. സൂര്യദേവന്‍ കനിഞ്ഞില്ല, മുരുടേശ്വര്‍ എത്തിയപ്പോള്‍ 6 കഴിഞ്ഞു. ഓട്ടോയില്‍ ഒരു ഓട്ടപ്രദക്ഷിണം. കടല്‍ത്തീരത്തെ ശിവ പ്രതിമയുടെ ഗാംഭീര്യം നന്നായി ആസ്വദിക്കാന്‍ കഴിഞ്ഞില്ല. ഓട്ടോക്കാരന്‍ കുറേ സഹായിച്ചു.. രാത്രിയില്‍ ഹം പി ക്കു പോകണം. ഹ പി ക്കടുത്ത ഹോസ്‌പേട്ടിലേക്ക് അവിടുന്നു ബസ് ഇല്ല എന്ന വാര്‍ത്തയും അറിഞ്ഞു. രാത്രിയില്‍ മൂന്ന് ബസ് മാറിക്കയറി, ആദ്യം കുംതയ്ക്ക്, അവിടുന്ന് ഹൂബ്‌ളിയ്ക്ക്. വിശന്നു വലഞ്ഞപ്പോള്‍ തലേന്നു പ്രാകിക്കൊണ്ട് വാങ്ങിയ ലഡു രക്ഷിച്ചു. കര്‍ണാടകയിലെ രണ്ടാമത്തെ വലിയ നഗരമാണ് ഹൂബ്‌ളി. പാനിന്റെ ഗന്ധമുള്ള ബസ് സ്റ്റാന്റ്. ഏത് നിമിഷവും പാന്‍ ആക്രമണം പ്രതീക്ഷിച്ച് ജാഗരൂകരായി നില്‍ക്കേണ്ട സ്ഥലം. പുലര്‍ച്ചെ 2:30 നു ബെല്ലാരി ബസ് കിട്ടി അതില്‍ കയറി ഹോസ്‌പേട്ടിലേക്ക്. 5:30 നു ഹോസ്‌പേട്ടിലെത്തി. ഹംപി യില്‍ നിന്നും 12 km അകലെയാണ് ഹോസ്‌പേട്ട്. ബഡ്ജറ്റ് ഹോട്ടലുകള്‍ ധാരാളം.. ഇനി ഹംപിയിലേക്ക്…

Day 3 ഹംപി ……

വിജയ നഗര സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരി.. മലമടക്കുകര്‍ക്കിടയില്‍ സമൃദ്ധമായൊഴുകുന്ന തുംഗഭദ്രയുടെ തീരത്ത് കണ്ണേത്താ ദൂരത്തോളം മദ്ധ്യകാല സംസ്‌കൃതിയുടെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നു.. ഒരു പക്ഷേ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ‘ഘറ് വാപസി ‘ യുടെ ഫലമായാണ് ഹരിഹരനും ബുക്കനും വിദ്യാരണ്ണന്റെ സഹായത്തോടെ വിജയ നഗരം സ്ഥാപിച്ചത്. ആദ്യമൊക്കെ ചാണക്യ തന്ത്രങ്ങളുമായി ബാമിനി സുല്‍ത്താന്മാരുമായി എതിരിട്ടു നിന്നു. കൃഷ്ണ ദേവരായര്‍ക്കു ശേഷം സുവര്‍ണകാലം അവസാനിച്ചു. 1565 ലെ തളിക്കോട്ട യുദ്ധത്തോടെ തകര്‍ന്നടിഞ്ഞു.

ഇവിടെ പ്രവേശനപാസ്സില്ല. 20 കിലോമീറ്ററിലധികം ചുറ്റളവില്‍ ഒരു സുവര്‍ണ കാലഘട്ടത്തിന് സാക്ഷികളായി പിന്നീട് കൈമോശം വന്ന പ്രൌഢിയില്‍ നെടുവീര്‍പ്പിടുന്ന ശിലാസ്മാരകങ്ങളാണെങ്ങും..ഹം പി യിലേക്കുള്ള ഓരോ ചുവടുവെയ്പും ചരിത്രത്തിലേക്കാണ്.. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന വിജനമായ പാതകള്‍ നമ്മെ നയിക്കുന്നത് നൂറ്റാണ്ടുകള്‍ക്കു പിന്നിലേക്കാണ്… rs 5 കൊടുത്ത് ഒരു മാപ്പ് വാങ്ങുക. ഭൂരിഭാഗവും നടന്നു കാണുക… ഒരിക്കല്‍ ശബ്ദമുഖരിതമായിരുന്ന തെരുവുകള്‍, കാലത്തിനു മായ്ക്കാനാവാത്ത കുതിരക്കുളമ്പടികള്‍ പതിഞ്ഞ രാജവീഥികള്‍, രാജകല്‍പനകള്‍ മുഴങ്ങിയ ദര്‍ബാറുകള്‍ ദൈര്‍ഘ്യമേറിയ ഇടനാഴികള്‍, ഇവയെല്ലാം നമ്മെ മറ്റോരു കാലഘട്ടത്തിലേക്ക് നയിക്കുന്നു.. നൃത്തമണ്ഡപങ്ങളില്‍ കാതോര്‍ത്താല്‍ ചിലങ്കയുടെ ശബ്ദം നമുക്ക് കേള്‍ക്കാം, ഓരോ തൂണിലും കാണുന്ന ശില്‍പങ്ങള്‍ക്ക് ഒരായിരം കഥകള്‍ നമ്മോട് പറയാനുണ്ടാകും. ഒന്നു കാതോര്‍ത്താല്‍ പോരാട്ടങ്ങളുടെ പെരുമ്പറ നമ്മുടെ കാതുകളില്‍ മുഴങ്ങും, കണ്ണടച്ചാല്‍ ആ ദൃശ്യങ്ങള്‍ തെളിയുന്നു.. സംഗീതം പൊഴിക്കുന്ന ശിലകളെ നമുക്ക് സങ്കല്പ്പിക്കാനാകുമോ? ഉത്തരം ഹം പി യിലുണ്ട്.. കാലപ്രവാഹത്തില്‍ ഇന്ന് അവയും നിശബ്ദമായിരിക്കുന്നു.. എങ്കിലും അതിന്റെ ശാസ്ത്രീയ തത്വങ്ങള്‍ നമ്മെ അതിശയിപ്പിക്കും. വിറ്റാല ക്ഷേത്രത്തിലാണ് ഹം പി യുടെ ട്രേഡ് മാര്‍ക്കായ കല്ലില്‍ തീര്‍ത്ത രഥം. സംഗീതം പൊഴിക്കുന്ന ശിലകളും (musical stones) , ആസ്ഥാനമണ്ഡപവും ഇതിനുള്ളിലാണ്.

IMG-20170302-WA0024

വിദേശികളായ ധാരാളം സഞ്ചാരികള്‍ ഗൈഡിന്റെ സഹായത്തോടെ കാര്യങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ളവ നേരിട്ട് കാണുമ്പോളുണ്ടാകുന്ന ഒരു സാക്ഷാത്കാരമുണ്ടല്ലോ, അതനുഭവിച്ചത് ഇതൊക്കെ കണ്ടപ്പോളാണ്. ഉച്ചയ്ക്ക് കത്തുന്ന വെയില്‍. വെയിലിനും മണ്ണിനും ശിലകള്‍ക്കും നിര്‍മിതികള്‍ക്കുമെല്ലാം പഴമയുടെ നരച്ചനിറം.. മാറുന്ന കാലത്തോട് കലഹിച്ച് ഇക്കാലത്തിനും ജീവനാഡിയായി തുംഗഭദ്ര നിസംഗയായി അനുസ്യൂതമൊഴുകുന്നു.. കൃഷ്ണക്ഷേത്രത്തിലെ ഒരു ഇരുട്ടുമുറിയില്‍ അല്‍പനേരം പെട്ടുപോയി..പിന്നെ 2 കിലോമീറ്റര്‍ മാറി ലോട്ടസ് മഹല്‍, എലഫന്റ് സ്റ്റാബിള്‍, നിരീക്ഷണ ഗോപുരങ്ങള്‍, കമ്മട്ടം. വിരൂപാക്ഷ ക്ഷേത്രത്തില്‍ അവസാനമാണ് പോയത്.. ഭൂമിശസ്ത്രപരമായി സുരക്ഷിതമായ ഈ മേഖലയെ രാജ്യ തലസ്ഥാനമാക്കിയവരേയും, അതിലെ ഓരോ ശിലയേയും ജീവന്‍ തുടിക്കുന്ന വിധം കാലത്തെ അതിജീവിക്കാന്‍ പാകത്തിന് മാറ്റിയെടുത്ത ശില്‍പികളേയും നമിച്ചേ മതിയാകൂ.. ഒരു മഹാ സാമ്രാജ്യത്തിന്റെ സുവര്‍ണകാലഘട്ടമാണ് നമുക്ക് മുന്നില്‍ തെളിയുന്നത്.. അപ്പോളും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ശില്‍പ്പികളെ, അടിമകളെ, പൊലിഞ്ഞ ജീവനുകളെ ഓര്‍ക്കാതെ വയ്യ.. .

IMG-20170302-WA0021

നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന്റെ വിശദാംശങ്ങള്‍ അപ്പോളാണറിയുന്നത്, കയ്യിലുള്ള ചില്ലറ കൊണ്ട് അധികം പോകാന്‍ പാടാരുന്നു. ഹംപി യില് നിന്നും നേരെ ഹോസ്‌പേട്ട്(12 km). അവിടെ നിന്നും ഷിമൊഗയ്ക്ക്(ശിവമോഗ). ഹാരപ്പനഹള്ളി-ഹരിഹര്‍ വഴി. സുന്ദരമായ അസ്തമയ ദൃശ്യങ്ങള്‍, കാറ്റാടിപ്പാടങ്ങള്‍.. രാത്രി 10 നു ഷിമോഗയില്‍, അവിടെ നിന്നും മംഗലാപുരത്തിന്. ഭാഗ്യത്തിനു പഴയ നോട്ട് എടുത്തു. രാവിലെ 4 മണിക്ക് മംഗലാപുരത്തെത്തി…. ഏറനാടില്‍ കയറി നേരെ ബേക്കലിലേക്ക്

IMG-20170303-WA0014– അഖില്‍ എസ്. മുണ്ടപ്ലാക്കല്‍

LEAVE A REPLY