കുളിക്കാന്‍ മടിയുള്ളവര്‍ക്ക് കുളിപ്പിച്ച് തോര്‍ത്തിയെടുക്കുന്ന മെഷീന് പുറത്തിറക്കി ജപ്പാന്. മെഷീനിനുള്ളില്‍ വെറുതെ കയറി കിടന്നാല്‍ ശരീരം മുഴുവന്‍ ശുചിയാക്കി തോര്‍ത്തി തരുന്ന ഈ ഹ്യൂമന്‍ വാഷിങ് മെഷീന്, സയന്‍സ് കോ എന്ന കമ്പനിയാണ് പുറത്തിറക്കുന്നത്. വിപ്ലവകരമായ ഈ ബാത്തിങ് ക്യാപ്സ്യൂളിന് ‘മിറായ് നിന്ഗന് സെന്റകുക്’ എന്നാണ് പേര്. 15 മിനിറ്റുകൊണ്ട് ശരീരം മുഴുവന്‍ വൃത്തിയാക്കി തരാന്‍ ഇതിനു കഴിയും. നിര്‍മിത ബുദ്ധിയിലൂടെയാണ് മെഷീന് പ്രവര്‍ത്തിക്കുന്നത്. ക്യാപ്സ്യൂള്‍ രൂപത്തിലായതുകൊണ്ടുതന്നെ ഇവ വാങ്ങി കെട്ടിടങ്ങള്‍ക്കുള്ളില്‍ വയ്ക്കാനാവും. കുളിയെ ഒരു വേറിട്ട അനുഭവമാക്കി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം. സ്പായില്‍ എന്നതുപോലെ ശരീരത്തിന് സുഖം തരാന്‍ മെഷീന് സാധിക്കും. വാട്ടര്‍ ജെറ്റുകളും വൃത്തിയാക്കലിനായി മൈക്രോസ്കോപ്പിക് എയര്‍ ബബിളുകളുമൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കസ്റ്റമൈസ് ചെയ്ത് കുളിക്കാമെന്നതാണ് മറ്റൊരു കാര്യം. അതായത് കുളിക്കുന്ന വ്യക്തിയുടെ ചര്‍മത്തിന്റെ തരവും ശരീരത്തിന്റെ അളവുകളുമൊക്കെ അനുസരിച്ച് വ്യക്തിഗതമായ വാഷ് സൈക്കിള്‍ തിരഞ്ഞെടുത്താണ് മെഷീന് കുളിപ്പിച്ചു തരുന്നത്. ജപ്പാനില്‍ നടക്കുന്ന ഒസാക്ക എക്സ്പോയില്‍ മെഷീനിന്റെ ആദ്യ മാതൃകകള്‍ ആയിരം പേര്‍ക്ക് ഉപയോഗിച്ച് പരീക്ഷിക്കാന്‍ അവസരം ഒരുങ്ങും. ഈ പരീക്ഷണം വിജയകരമായാല്‍ വലിയ തോതില്‍ മെഷീന് പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി പ്രത്യേക പതിപ്പും അതിനുശേഷം പുറത്തിറക്കും.



















