വീട്ടില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വസ്തുവാണ് പാത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ചുകള്‍. എന്നാല്‍ സ്‌പോഞ്ചിന്റെ കാര്യത്തില്‍ പ്രത്യേക പരിപാലനം ആവശ്യമാണ്. . ടോയ്ലറ്റില്‍ ഉള്ളതിനേക്കാള്‍ രോഗാണുക്കള്‍ സ്‌പോഞ്ചില്‍ ഉണ്ടെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. അതുകൊണ്ട് അവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പാത്രം കഴുകുന്ന സ്പോഞ്ച് ഉപയോഗിച്ച് തന്നെ കിച്ചന്‍ കൗണ്ടര്‍ ടോപ്പുകളും സിങ്കും വൃത്തിയാക്കുന്നവരുമുണ്ട്. കൂടാതെ എണ്ണയോ മറ്റു ദ്രാവകങ്ങളോ തുടയ്ക്കാനും ഇതേ സ്പോഞ്ച് ഉപയോഗിക്കുന്നത് തെറ്റായ കാര്യമാണ്. വ്യത്യസ്ത പ്രതലങ്ങളില്‍ നിന്നായി ഭക്ഷണാവശിഷ്ടങ്ങള്‍, എണ്ണ എന്നിവയ്ക്കൊപ്പം ബാക്ടീരിയകളെയും സ്‌പോഞ്ച് ആഗിരണം ചെയ്യും. ഇത് പാത്രം കഴുകുന്ന സമയത്ത് സ്‌പോഞ്ചിലെ ബാക്ടീരീയകള്‍ പാത്രങ്ങളിലും കടന്നുകൂടുന്നതിന് കാരണമാകും. അതിനാല്‍ ഓരോന്നിനും പ്രത്യേക സ്‌പോഞ്ചുകളാണ് ഉപയോഗിക്കേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തര്‍. ഒരു സ്‌പോഞ്ച് കാലങ്ങളോളം ഉപയോഗിക്കുന്ന ശീലവും നല്ലതല്ല. പുറമേ വൃത്തിയായി തോന്നിയാലും അവ ഉപയോഗിക്കുമ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ബാക്ടീരിയകള്‍ പെരുകും. അതുകൊണ്ട് പരമാവധി രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ സ്‌പോഞ്ചുകള്‍ മാറ്റണം. ഉപയോഗിച്ച ശേഷം നനവോടെ വയ്ക്കുന്ന സ്പോഞ്ചുകളിലും ബാക്ടീരിയകള്‍ പെട്ടെന്ന് കയറികൂടും. ഉപയോഗ ശേഷം സ്പോഞ്ച് സോപ്പ് ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം. നല്ല രീതിയില്‍ പിഴിഞ്ഞെടുത്ത ശേഷം നന്നായി വായുസഞ്ചാരം ലഭിക്കുന്ന സ്ഥലത്ത് തൂക്കിയിടുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവിദഗ്തര്‍ ഓര്‍മ്മിപ്പിക്കുന്നു.



















