ശരീരഭാരം കുറയ്ക്കാൻ ഡയറ്റിൽ ചേർക്കാവുന്ന മികച്ച ഭക്ഷണമാണ് തക്കാളി. ലൈക്കോപീൻ, വിറ്റാമിൻ സി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ കൂടാതെ ബീറ്റാ കരോട്ടിൻ, തുടങ്ങിയവും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം തക്കാളിയിൽ ഏകദേശം 32 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. കൂടാതെ ഇവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ വയറിന് സംതൃപ്തി നൽകാനും അമിതമായി ഭക്ഷണം കഴിക്കുന്നതിന് ഒഴിവാക്കാനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നു. തക്കാളിയിൽ 95 ശതമാനവും വെള്ളമാണ്. അതുകൊണ്ട് തന്നെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ലഘുഭക്ഷണമായും തക്കാളി കഴിക്കാമെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. ശരീരഭാരം കുറയ്ക്കാനും ശരീരത്തിൽ ജലാംശം ഉണ്ടാകേണ്ടത് പ്രധാനമാണ്. ഇത് മെറ്റബോളിസത്തെ വർധിപ്പിക്കാനും പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കും. മെറ്റബോളിസത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകമായ വിറ്റാമിൻ സിയും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. തക്കാളിയിൽ അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദവും ദ്രാവക സന്തുലിതാവസ്ഥയും നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിൽ പ്രധാനമാണ്. എന്നാൽ വൃക്ക രോഗികൾ, ആസിഡ് റിഫ്ലക്സ്, തക്കാളിയോട് അലർജി, സന്ധി വേദനയുള്ളവർ, ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള രോഗാവസ്ഥ ഉള്ളവർ തക്കാളി കഴിക്കുന്നതിന് മുൻപ് ഡോക്ടറുടെ സേവനം തേടുന്നതാണ് ഉചിതം.


















