ദിവസവും ഒരു നീണ്ട നടത്തം ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് പഠനം. അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്. സ്ഥിരമായി വ്യായാമം ചെയ്യാത്തവരെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനമാണ്. നിര്‍ത്താതെ കുറഞ്ഞത് 15 മിനിറ്റെങ്കിലും നടക്കുന്നത് ഹൃദയത്തിന് നല്ലൊരു വ്യായാമം നല്കുന്നു. ഇത് ഏകദേശം 1,500 സ്റ്റെപ്പുകള്‍ക്ക് തുല്യമാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ദിവസേന 8,000ല്‍ താഴെ സ്റ്റെപ്പുകള്‍ മാത്രം നടക്കുന്ന 40നും 79നും ഇടയില്‍ പ്രായമുള്ള 33,560 യു.കെ പൗരന്മാരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഒരു ആഴ്ചയിലെ അവരുടെ നടത്തത്തിന്റെ ദൈര്‍ഘ്യം ഒരു സ്റ്റെപ്പ്-കൗണ്ടര്‍ ഉപയോഗിച്ച് അളന്നു. 5 മിനിറ്റില്‍ താഴെ, 5 മുതല്‍ 10 മിനിറ്റ് വരെ , 10 മുതല്‍ 15 മിനിറ്റ് വരെ , 15 മിനിറ്റോ അതില്‍ കൂടുതലോ എന്നിങ്ങനെയാണ് കണക്കുകള്‍. ഗവേഷകര്‍ എട്ട് വര്‍ഷത്തോളം അവരുടെ ആരോഗ്യം നിരീക്ഷിച്ചു. ചെറിയ ദൂരം നടന്നവരെ അപേക്ഷിച്ച് കൂടുതല്‍ ദൂരം നടന്ന ആളുകള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ദിവസം 5,000 ചുവടുകളില്‍ താഴെ നടക്കുന്നവരില്‍ പോലും കൂടുതല്‍ സമയം നടക്കുന്നത് വലിയ മാറ്റമുണ്ടാക്കി. ഹൃദ്രോഗത്തിനും മരണത്തിനുമുള്ള സാധ്യത ഗണ്യമായി കുറഞ്ഞതായി പഠനത്തില്‍ വ്യക്തമാക്കുന്നു.



















