അയണ്‍ ഗുളിക അമിതമായി കഴിച്ച വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അമിത അളവിൽ അയൺഗുളിക കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആറ് വിദ്യാർത്ഥികൾ ആശുപത്രിയിൽ . ഒരുസംഘം വിദ്യാർഥികൾ തമാശക്കായി ഗുളിക ചലഞ്ച് നടത്തിയതാണ് ഒടുവിൽ കാര്യമായത്. മൈനാഗപ്പള്ളിയിലെ എയ്ഡഡ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിൽ രണ്ടുപേർ ജില്ലാ ആശുപത്രിയിലാണ്. ഒരാളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് കുട്ടികൾ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നു. ചൊവ്വാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം. ആരോഗ്യവകുപ്പ് അധികൃതർ കുട്ടികൾക്ക് കൊടുക്കുന്നതിനായി അയൺ ഗുളികകൾ സ്കൂൾ അധികൃതരെ ഏൽപ്പിച്ചിരുന്നു. ഓരോ ഗുളികവീതം വീട്ടിൽച്ചെന്ന് കഴിക്കുന്നതിനായി ക്ലാസ് ചുമതലക്കാരായ അധ്യാപകർ ചൊവ്വാഴ്ച രാവിലെ ആദ്യ പീരിയഡ് സമയത്ത് കുട്ടികൾക്ക് നൽകി. 13 വയസ്സുവരെയുള്ള കുട്ടികൾക്കാണ് നൽകിയത്. എന്നാൽ ഇടവേള സമയത്ത് എട്ടാംക്ലാസിലെ ഒരു സംഘം വിദ്യാർഥികൾ ഗുളിക ചലഞ്ചിന് മുതിർന്നു. മത്സരത്തിനായി അവർ മറ്റ് കുട്ടികൾക്ക് കിട്ടിയ ഗുളികകൾകൂടി ശേഖരിച്ചു. തുടർന്ന് കൈവശമുണ്ടായിരുന്ന ഗുളികകൾ വിഴുങ്ങാൻ തുടങ്ങി. ചിലർ പത്തും പതിനഞ്ചും വിഴുങ്ങി. മുപ്പത് ഗുളികകൾ ഒന്നിച്ച് വിഴുങ്ങിയവരുമുണ്ടായിരുന്നു. അമിതമായി കഴിച്ചവർ ഉച്ചയോടെ അസ്വാസ്ഥ്യം പ്രകടിപ്പിക്കാൻ തുടങ്ങി. ചിലർ ഛർദ്ദിക്കാനും തുടങ്ങി. ഉടൻ തന്നെ ഇവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലുള്ള കുട്ടികളുടെ നില തൃപ്തികരമാണെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.