പ്രോട്ടീൻ പൗഡർ കഴിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിച്ച് വരുകയാണ്. എന്നാൽ ഈ ശീലം അവരുടെ ആർത്തവചക്രത്തെ ബാധിക്കുമോ എന്നാണ് പലരുടെയും സംശയം. ആർത്തവ സമയം ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താനും വയറു വേദന, അസ്വസ്ഥത, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ക്ഷീണം എന്നിവ ലഘൂകരിക്കാനും പ്രോട്ടീൻ ആവശ്യമാണ്. കൂടാതെ ഈ സമയം ഊർജ്ജം നിലനിർത്താനും പ്രോട്ടീൻ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. എന്നാൽ ദിവസത്തിൽ ആവശ്യമുള്ള പ്രോട്ടീൻ ഒറ്റ തവണ കഴിക്കുന്നതിനെക്കാൾ നല്ലത് പല നേരത്തെ ഭക്ഷണത്തിലൂടെയും ചെറിയ തോതിൽ കഴിക്കുന്നതാണ്. ഓരേ സമയം കൂടിയ അളവിൽ പ്രോട്ടീൻ ഉപയോഗിക്കുന്നത് മൂലം അവയുടെ ആഗിരണം ശരിയായ രീതിയിൽ നടക്കാതെ വരും. അത് വൃക്കകൾ അമിതഭാരമാകും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് പ്രോട്ടീൻ പൗഡർ കഴിക്കുന്നതിനെക്കാൾ സുരക്ഷിതമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. ഗുണമേന്മയുള്ള പ്രോട്ടീൻ പൗഡറുകൾ സ്ത്രീകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ലെങ്കിലും കൃത്രിമ പ്രോട്ടീൻ സ്രോതസ്സുകളെ വളരെയധികം ആശ്രയിക്കുന്നത് ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. പേശി വർധനവിന് പ്രോട്ടീൻ പൗഡർ സഹായിക്കുമെങ്കിലും ശരീരത്തിന്റെ സ്വാഭാവിക ഉപാപചയ പ്രക്രിയകളെ ഇത് തടസ്സപ്പെടുത്തിയേക്കാമെന്നും ആരോഗ്യവിദഗ്തർ ചൂണ്ടിക്കാട്ടുന്നു.



















