വ്യാജ വെളിച്ചെണ്ണ വ്യാപകം, 16,565 ലിറ്റര്‍ പിടികൂടി

സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വ്യാപകമാകുന്നു. വില കുതിച്ച് ഉയരുന്നതിന് പിന്നാലെ ഭക്ഷ്യവകുപ്പ് വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏഴ് ജില്ലകളില്‍ നിന്നായി 16,565 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. വ്യാജ ലേബലില്‍ വെളിച്ചെണ്ണ നിര്‍മ്മിച്ച് വില്‍ക്കുന്ന ഫാക്ടറിയില്‍ നിന്നും 6500 ലിറ്റര്‍ ഗുണമേന്മയില്ലാത്ത വെളിച്ചെണ്ണയും പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നടക്കം കന്നാസുകളില്‍ നിറച്ച നിലയില്‍ വലിയതോതില്‍ വെളിച്ചെണ്ണ കേരളത്തിലേയ്ക്ക് എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാജന്മാരെ കണ്ടെത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധനകള്‍ തുടരുകയാണ്. ഓണത്തിനോട് അനുബന്ധിച്ച് വിപണി കൂടുതല്‍ സജീവമാകുമെന്നതിനാല്‍ വ്യാജന്മാരെ പരമാവധി അകറ്റി നിര്‍ത്താനുള്ള ശ്രമത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.