അപൂവ്വ നേട്ടവുമായി എറണാകുളം ജനറൽ ആശുപത്രി

അപൂവ്വ നേട്ടവുമായി എറണാകുളം ജനറൽ ആശുപത്രി. അതിസങ്കീർണമായ മൂന്ന് എൻഡോവസ്കുലർ ചികിത്സകൾ ഒറ്റ ദിവസം നടത്തിയ നേട്ടത്തിൽ അഭിമാനമായി കാർഡിയോളജി വിഭാഗം. 8 വർഷങ്ങൾക്ക് മുമ്പ് ഹൃദയം തുറന്നു വാൽവ് മാറ്റിവച്ച 72 കാരിയിലാണ് അതിസങ്കീർണമായ വാൽവ് ഇൻ വാൽവ് ട്രാൻസ്കത്തീറ്റർ അയോർട്ടിക് വാൽവ് റിപ്ലെയിസ്മെൻ്റ് ചികിത്സ നടത്തിയത് . അന്നു മാറ്റിവച്ച വാൽവിന് തടസ്സവും ലീക്കും സംഭവിച്ചതിനാൽ രണ്ടാമതും വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായി വരികയായിരുന്നു. നെഞ്ചും ഹൃദയവും തുറക്കാതെ തുടയിൽ ഉണ്ടാക്കിയ 5mm ഇൽ താഴെ വലിപ്പമുള്ള മുറിവിലൂടെ കത്തീറ്റർ കടത്തിവിട്ടു മുമ്പ് മാറ്റിവെച്ച കൃത്രിമ ഹൃദയ വൽവിനകത്ത് പുതിയൊരു വാൽവ് കടത്തി വയ്ക്കുന്ന അതിസങ്കീർണമായ ചികിത്സയാണ് നടത്തിയത്. ശ്രീ ചിത്തിര തിരുനാൾ ആശുപത്രി ഉൾപ്പെടെ വളരെ അപൂർവം സർക്കാർ കേന്ദ്രങ്ങളിൽ മാത്രമേ ഈ ചികിത്സ രീതി ഇതുവരെ ലഭ്യമായിരുന്നുള്ളു. കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി , കാർഡിയാക് അനസ്തേഷ്യ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഈ ചികിത്സ. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിന് സാധിച്ചു എന്ന് ആശുപത്രി സൂപ്രണ്ട് ഡോ ഷാഹിർഷാ ആർ വ്യക്തമാക്കി.