സ്മാര്‍ട്ട് വാച്ചാണ് ഇപ്പോള്‍ ട്രെന്‍ഡ്. എല്ലാവരുടെ കയ്യിലും ഇന്ന് സ്മാര്‍ട്ട് വാച്ചാണ്. എന്നാല്‍ ഇതിന്റെ പിന്നില്‍ വലിയ അപകടകരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് നമുക്ക് എത്രപേര്‍ക്ക് അറിയാം. അമേരിക്കയിലെ നോട്രെ ഡാം സര്‍വകലാശാലയാണ് ഒരു പഠനത്തിലൂടെ ഇത്തരത്തിലുള്ള അപകടം കണ്ടെത്തിയത്. സ്മാര്‍ട്ട് വാച്ചുകളുടെ ബാന്‍ഡുകളില്‍ പലതിലും ‘ഫോര്‍എവര്‍ കെമിക്കല്‍സ്’ എന്ന് അറിയപ്പെടുന്ന പിഎഫ്എഎസ് കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. 15,000 സംയുക്തങ്ങളുടെ ഒരു വിഭാഗമാണ് പിഎഫ്എഎസ്. വെള്ളം, ചൂട്, കറ തുടങ്ങിയവ പ്രതിരോധിക്കുന്നതിന് പല ഉല്‍പന്നങ്ങളിലും ഇത് ഉപയോഗിക്കാറുണ്ട്. സ്മാര്‍ട്ട് വാച്ച് ബാന്‍ഡുകളില്‍ മറ്റ് ഉല്‍പന്നങ്ങളില്‍ ഉള്ളതിനെക്കാള്‍ ഉയര്‍ന്ന അളവില്‍ പിഎഫ്എഎസ് അടങ്ങിയതായി പഠനത്തില്‍ കണ്ടെത്തി. ഇത് കാന്‍സര്‍, വൃക്കരോഗം, കരള്‍ പ്രശ്‌നങ്ങള്‍, രോഗപ്രതിരോധ വൈകല്യങ്ങള്‍, മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാക്കാന്‍ കാരണമാകും. അതുകൊണ്ടു തന്നെ സിലിക്കണ്‍ ബാന്‍ഡുകള്‍ തിരഞ്ഞെടുക്കണമെന്നും സിലിക്കണ്‍ ബാന്‍ഡുകളില്‍ പിഎഫ്എഎസ് അടങ്ങിയിട്ടില്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.



















