അടുക്കളയില്‍ പ്ലാസ്റ്റിക്; ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു

അടുക്കളയില്‍ സര്‍വസാധാരണമായി മാറിക്കഴിഞ്ഞ പ്ലാസ്റ്റിക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. പ്രതിവര്‍ഷം മൂന്നരലക്ഷം ഹൃദ്രോഗ മരണങ്ങളുടെ മൂലകാരണം പ്ലാസിറ്റിക്കാണെന്ന് ലാന്‍സെറ്റിന്‍റെ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നു. ന്യൂ യോര്‍ക്ക് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. പ്ലാസ്റ്റിക് മൃദുവാക്കാനും വഴക്കമുള്ളതാക്കാനും ഉപയോഗിക്കുന്ന രാസവസ്തുവായ ഡിഇഎച്ച്പി യെ കുറിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. പ്രധാനമായും ഭക്ഷണപാത്രങ്ങള്‍, പൈപ്പുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നുതുടങ്ങി മെഡിക്കല്‍ സാമഗ്രികളില്‍ വരെ ഈ പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ട്. 2018 ല്‍മാത്രം ലോകവ്യാപകമായി മൂന്നര ലക്ഷം പേരുടെ ജീവന്‍ ഹൃദ്രോഗ സംബന്ധമായ അസുഖങ്ങളാല്‍ പൊലിയാന്‍ ഡിഇഎച്ച്പി കാരണമായെന്നാണ് ഗവേഷകര്‍ പറയുന്നത്.