ആന ഒരു വികാരമാകുമ്പോള്‍, അടുത്തറിയണം തെച്ചിക്കോട്ടുകാരാമചന്ദ്രനെ

ഇന്ന് കേരളം ഏറെ ചര്‍ച്ച ചെയ്യുന്നൊരു പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. വെറുമൊരു ആന എന്നതിലുപരി, പൂരപ്രേമികളുടെ വികാരമായി മാറിയ രാമചന്ദ്രന്‍ ഒരു രാഷ്ട്രീയ വിഷയമായും മാറിക്കഴിഞ്ഞു.

കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആന, ഏഷ്യയില്‍ രണ്ടാമന്‍, നിരവധി ഫേസ്ബുക്ക് ,വാട്‌സാപ് കൂട്ടായ്മകളും, ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുമുള്ള ആന എന്നിങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്. എല്ലാ ഗജലക്ഷണങ്ങളും തികഞ്ഞ ഈ ആനയെ ആനപ്രേമികള്‍ രാമരാജന്‍ എന്നു വിളിക്കുന്നത്. എന്നാല്‍ അസൂയാവഹമായ നേട്ടങ്ങള്‍ക്കിടയിലും നാല് സ്ത്രീകള്‍, ഒരു വിദ്യാര്‍ഥി, ആറ് പാപ്പാന്‍മാരും എന്നിവരുള്‍പ്പടെ 13പേരുടെ ജീവനെടുത്തത്തിന്റെ കണക്കു കൂടി രാമചന്ദ്രന്റെ പേരിലുണ്ട്.

കേരളത്തില്‍ ‘ഏകഛത്രാധിപതി’ പട്ടമുള്ള ഏക ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. പക്ഷെ വലതു കണ്ണിന് പൂര്‍ണ്ണമായ കാഴ്ചശക്തി നഷ്ടപ്പെട്ട, ഇടതു കണ്ണിനാണെങ്കില്‍ ഭാഗികമായി മാത്രം കാഴ്ചയുള്ള, വാര്‍ധക്യത്തിലെത്തിനില്‍ക്കുന്ന ആനകൂടിയാണ് രാമചന്ദ്രന്‍.

പൂരത്തിന്റെയും ആനപ്രേമികളുടെയും ആവേശമാണെങ്കിലും കേരളീയനല്ല തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ജനനം 1964-ലാണെന്നാണ് ഏകദേശ കണക്ക്. അസമിലെ കാട്ടില്‍ നിന്ന് പേരില്ലാതെ ബീഹാറിലെത്തുകയും അവിടെ വെച്ച് മോട്ടി പ്രസാദ് എന്ന പേര് ലഭിക്കുകയും, പിന്നീട് തൃശ്ശൂരിലെത്തി ഗണേശനായ ആനയ്ക്ക് 1984-ലാണ് രാമചന്ദ്രന്‍ എന്ന പേര് വീണത്.

2011 മുതല്‍ തൃശ്ശൂര്‍ പൂരത്തിന് തെക്കേ ഗോപുര വാതില്‍ തള്ളിത്തുറക്കുന്ന ആചാരപ്രധാനമായ ചടങ്ങിന് നിയോഗിക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനെയാണ്. തൃശ്ശൂര്‍ പൂരത്തിനെത്തിയതോടെ രാമചന്ദ്രന് ആരാധകര്‍ വര്‍ധിച്ചു. തെച്ചിക്കോട്ടുകാവു രാമചന്ദ്രന്‍ അങ്ങനെ പൂരപ്രേമികളുടെ വികാരം കൂടിയായി.

വലതുകണ്ണിന് പൂര്‍ണമായും ഇടതുകണ്ണിനു ഭാഗികമായും കാഴ്ച്ചയില്ലാത്ത ഈ ആനയെ മൃഗഡോക്ടര്‍മാരുടെ വിദഗ്ധസംഘം പരിശോധിക്കാതെ എഴുന്നള്ളത്തിന് ഉപയോഗിക്കരുതെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. 2009-ല്‍ തൃശൂര്‍ കാട്ടാകാമ്പല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ച് ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ ഒരു പന്ത്രണ്ടുകാരന്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആ വര്‍ഷം തന്നെ എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ തെച്ചിക്കോട് രാമചന്ദ്രന്‍ ഇടഞ്ഞപ്പോള്‍ ഒരു സ്ത്രീ മരിച്ചു. ഏറ്റവും ഒടുവിലായി ഗൃഹപ്രവേശനത്തിനിടെ രണ്ട് പേരാണ് തൃശ്ശൂരില്‍ ചവിട്ടേറ്റ് മരിച്ചത്.

ആന ചെവിയാട്ടുന്നത് ചെണ്ടമേളത്തിന് താളം പിടിച്ചല്ല, പകരം അസ്വസ്ഥത കൊണ്ടാണെന്നും മസ്തകം പൊക്കുന്നത് തലയെടുപ്പില്‍ ഒന്നാമനാകാനല്ല, പകരം തോട്ടി കൊണ്ടുള്ള കൊളുത്ത് വീഴാതിരിക്കാനാണെന്നും, ടാറിട്ട റോഡിലൂടെ നടക്കുമ്പോള്‍ വിരണ്ടോടുന്നത് ചൂടേല്‍പിക്കുന്ന പൊള്ളല്‍ താങ്ങാനാവാത്തത് കൊണ്ടാണെന്നും തിരിച്ചറിയേണ്ടതുണ്ട്. പാപ്പാന്‍ പറയുന്നതെല്ലാം അനുസരിക്കുന്നത് പാപ്പാനോടുള്ള ബഹുമാനം കൊണ്ടല്ല, പകരം തോട്ടി പ്രയോഗം ഭയന്നിട്ടാണെന്നും സൗകര്യപൂര്‍വ്വം നാം മറക്കുന്നു.

LEAVE A REPLY