ഫിറ്റ്‌നസിന്റെ കൊടുമുടിയിലായിരുന്ന തന്നെ വീഴ്‌ത്തി കളഞ്ഞത്‌ അൾസർ രോഗമായിരുന്നെന്ന്‌ വെളിപ്പെടുത്തി മൈക്‌ ടൈസൺ

ഫിറ്റ്‌നസിന്റെ കൊടുമുടിയിലായിരുന്ന തന്നെ വീഴ്‌ത്തി കളഞ്ഞത്‌ അൾസർ രോഗമായിരുന്നെന്ന്‌ വെളിപ്പെടുത്തി ഇതിഹാസ ബോക്‌സിങ്‌ താരം മൈക്‌ ടൈസൺ. 20 വർഷത്തിന് ശേഷം 58കാരനായ ടൈസൺ പ്രായത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചാണ്‌ തന്നേക്കാൾ 31 വയസ്സിന്‌ ചെറുപ്പമായ ജേക്ക്‌ പോളുമായി പോരാട്ടത്തിനിറങ്ങി പരാജയപെട്ടത്. എന്നാൽ ഈ മത്സരത്തിനുള്ള തയ്യാറെടുപ്പിനിടെ സംഭവിച്ച അൾസർ രോഗം തന്നെ മരണത്തിന്റെ പടിവാതിൽക്കൽ വരെ എത്തിച്ചിരുന്നതായി മൈക്ക്‌ ടൈസൺ വെളിപ്പെടുത്തി. കടുത്ത വേദന അനുഭവിച്ച ആ നിമിഷങ്ങളിൽ താൻ മരിക്കാൻ പോകുന്നത്‌ പോലെ തോന്നിയെന്നും ടൈസൺ കൂട്ടിച്ചേർത്തു. ന്യൂയോർക്കർ മാഗസിന്‌ നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. പകുതിയോളം രക്തം ശരീരത്തിൽ നിന്ന്‌ നഷ്ടപ്പെട്ട തനിക്ക്‌ എട്ട്‌ തവണ ബ്ലഡ്‌ ട്രാൻസ്‌ഫ്യൂഷൻ ചെയ്യേണ്ടി വന്നെന്നും ടൈസൺ ചൂണ്ടിക്കാട്ടി. ഇതിനെ തുടർന്നാണ്‌ ജൂലൈ 20ന്‌ നടക്കേണ്ടിയിരുന്ന ടൈസൺ-ജേക്ക്‌ പോൾ മത്സരം മാറ്റിവച്ചത്‌. അൾസർ മൂർച്ഛയ്‌ക്ക്‌ ശേഷം തയ്യാറെടുപ്പുകളെല്ലാം തനിക്ക്‌ ആദ്യം മുതൽ തന്നെ ആരംഭിക്കേണ്ടി വന്നെന്നും, തനിക്ക്‌ സംഭവിച്ച ആരോഗ്യപ്രശ്‌നങ്ങൾക്കെല്ലാം ശേഷം എഴുന്നേറ്റ്‌ നിവർന്ന്‌ നിൽക്കാനും പാതി പ്രായമുള്ള മിടുക്കനായ ഒരു ഫൈറ്ററുടെ ഒപ്പം എട്ട്‌ റൗണ്ട്‌ ബോക്‌സിങ്ങ്‌ റിങ്ങിൽ പിടിച്ച്‌ നിൽക്കാനായതും വലിയ കാര്യമാണെന്നും മൈക്‌ ടൈസൺ എക്‌സിൽ കുറിച്ചു.