പ്രായത്തെ തോല്‍പ്പിക്കാനുള്ള ശ്രമങ്ങളോടെ വാര്‍ത്തകളില്‍ ഇടംപടിച്ച ടെക് മില്യനയര്‍ ബ്രയാന്‍ ജോണ്‍സന്റെ മുഖം ചികിത്സാ പിഴവുമൂലം നീരുവന്ന് വീര്‍ത്തു

വിചിത്രമായ ചികിത്സാ രീതികളില്‍ പ്രായത്തെ തോല്‍പ്പിക്കാനുള്ള ശ്രമങ്ങളോടെ വാര്‍ത്തകളില്‍ ഇടംപടിച്ച ടെക് മില്യനയര്‍ ബ്രയാന്‍ ജോണ്‍സന്റെ മുഖം ചികിത്സാ പിഴവുമൂലം നീരുവന്ന് വീര്‍ത്തു. പ്രൊജക്ട് ബേബി ഫെയ്‌സ് എന്ന ചികിത്സയുടെ ഭാഗമായി മുഖത്ത് കൊഴുപ്പ് കുത്തിവച്ച് ചര്‍മത്തിന്റെ പ്രായം കുറയ്ക്കാനുള്ള ശ്രമമാണ് തിരിച്ചടിയായത്. കലോറി ഡയറ്റിലൂടെ ശരിരത്തിലെ അമിത കൊഴുപ്പിനെ ബ്രയാന്‍ നേരത്തെ പുറംതള്ളിയിരുന്നു. ഈ ഡയറ്റുമൂലം മുഖത്തുണ്ടായ മാറ്റങ്ങളെ പ്രതിരോധിക്കാനായാണ് അദ്ദേഹം ഫാറ്റ് ഇന്‍ജക്ഷന്‍ ചികിത്സയ്ക്ക് വിധേയനായത്. എന്നാല്‍ ഇന്‍ജക്ഷനെടുത്ത് 30 മിനിറ്റിനകം മുഖം നീരുവന്ന് വീര്‍ക്കുകയും കണ്ണുകള്‍ തുറക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ എത്തുകയും ചെയ്തു. ചികിത്സാ പിഴവിനെ കുറിച്ചും, ഒരു ആഴ്ചയ്ക്ക് ശേഷം മുഖം പൂര്‍വ്വ സ്ഥിതിയില്‍ ആയതായും ബ്രയാന്‍ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്.