എരുമേലിയിൽ കടന്നലുകളുടെ കുത്തേറ്റ് 108 വയസ്സുള്ള അമ്മയും 88 വയസ്സുള്ള മകളും മരിച്ചു. പാക്കാനം കാവനാൽ വീട്ടിൽ കുഞ്ഞുപെണ്ണ് നാരായണൻ, മകൾ കെ.എൻ. തങ്കമ്മ എന്നിവരാണ് മരിച്ചത്. സഹായിക്കാനെത്തിയ വീട്ടിലെ സഹായി ജോയി, ബന്ധു ശിവദർശൻ എന്നിവർക്കും കടന്നൽ കുത്തേറ്റതിനെ തുടർന്ന്, ഇവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞുപെണ്ണ് ബുധനാഴ്ച രാവിലെയും തങ്കമ്മ ഉച്ചയോടെയുമാണ് മരിച്ചത്. പറമ്പിലെ കുരുമുളക് കൊടിയിൽ വീണുകിടന്ന തെങ്ങോല വലിച്ച് മാറ്റുന്നതിനിടെ കടന്നൽ കൂടിളകുകയായിരുന്നു. തുടർന്ന് കുഞ്ഞുപെണ്ണിന്റെ ദേഹമാസകലം കടന്നൽ കുത്തി. കുഞ്ഞുപെണ്ണിന്റെ നിലവിളി കേട്ട് ഓടിയെത്തിയ തങ്കമ്മയ്ക്കും, ജോയിയ്ക്കും കടന്നൽ കുത്തേറ്റു. ഇവരുടെ കരച്ചിൽ കേട്ട് രക്ഷിക്കാനെത്തിയപ്പോഴാണ് അയൽവാസിയും ബന്ധുവുമായ ശിവദർശന് കുത്തേറ്റത്. തുടർന്ന് ആളുകൾ ഓടിയെത്തി പേപ്പർ കത്തിച്ച്വീശി കടന്നുലുകളെ അകറ്റി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.