എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയതിന്റെ സന്തോഷം കാൻസർ രോഗികളുമായി പങ്കുവെച്ച ഗാഥ എന്ന വിദ്യാര്തഥിനിയുടെ വാർത്തയാണിപ്പോൾ വൈറൽ. ചാത്തങ്കോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ ഗാഥാ രജീഷാണ് എസ്.എസ്.എൽ.സി. വിജയത്തിളക്കത്തിൽ കാൻസർ രോഗികൾക്ക് തന്റെ മുടി ദാനം ചെയ്തത്. തൃശ്ശൂർ അമല ആശുപത്രിയിലേക്ക് കൂറിയർ വഴിയാണ് മുടി അയച്ചുകൊടുത്തത്. കീമോതെറാപ്പിയെത്തുടർന്ന് മുടി നഷ്ടമാകുന്ന കാൻസർ രോഗികൾക്ക് വിഗ്ഗുണ്ടാക്കാനാണ് മുടി ഉപയോഗിക്കുക. രോഗികൾക്ക് വലിയ ആശ്വാസമാണിത്. ‘എ പ്ലസ് ലഭിച്ച സന്തോഷം വ്യത്യസ്തമായ രീതിയിൽ പങ്കുവെക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്യുന്നതിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എന്തുകൊണ്ട് തനിക്കും കാൻസർ രോഗികൾക്ക് മുടിനൽകിക്കൂടാ എന്നു തോന്നി. അച്ഛനോടും അമ്മയോടും ഇത് പറഞ്ഞപ്പോൾ അവർക്കും സമ്മതം. പിന്നെ രണ്ടാമതൊന്ന് ചിന്തിച്ചില്ല. മുടി മുറിച്ച് കൂറിയർ വഴി അയച്ചു എന്ന് ഗാഥാ വ്യക്തമാക്കി. മകൾ ചെറുപ്പത്തിലേ ജീവകാരുണ്യപ്രവർത്തനത്തിൽ പങ്കാളിയാകുന്നതിൽ സന്തോഷമുണ്ടെന്ന് പെയിന്റിങ് തൊഴിലാളിയായ അച്ഛൻ രജീഷ് കൂട്ടിച്ചേർത്തു.