ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സാഹചര്യങ്ങളിൽ ഗർഭഛിദ്രത്തിന് തടസമില്ലെന്ന് ഹൈക്കോടതി

ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സാഹചര്യങ്ങളിൽ ഗർഭഛിദ്രത്തിന് തടസമില്ലെന്ന് ഹൈക്കോടതി. പീഡനത്തിനിരയായ 16 കാരിയുടെ ഗർഭഛിദ്രത്തിന് അനുമതി നൽകികൊണ്ടുള്ള ഉത്തരവിലാണ് കോടതി നിർണായക നിരീക്ഷണം പുറപ്പെടുവിച്ചത്. ബലാത്സംഗം ചെയ്തയാളുടെ കുഞ്ഞിനു ജന്മം നൽകാൻ ഇരയായവരെ നിർബന്ധിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. പീഡനത്തിന് ഇരയായ 16 വയസുള്ള പ്ലസ് വൺ വിദ്യാർഥിനിയുടെ 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവിലാണു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നിരീക്ഷണം. ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സംഭവങ്ങളിൽ ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്നു ഹൈക്കോടതി നിരീക്ഷിച്ചു. 19കാരനായ സുഹൃത്തിൽ നിന്നാണു പെൺകുട്ടി ഗർഭിണിയായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാനേ നിയമം അനുവദിക്കുന്നുള്ളൂ. അതിനാലാണ് മകളുടെ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി അമ്മ ഹൈക്കോടതിയെ സമീപിച്ചത്. ഗർഭിണിയായി തുടരുന്നത് പെൺകുട്ടിയുടെ ശരീരത്തെയും മനസിനെയും ബാധിക്കുമെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടുകൂടി പരിഗണിച്ചാണ് ഗർഭഛിദ്രത്തിന് കോടതി അനുമതി നൽകിയത്.