വളർത്തു നായ്‌ക്കളുമായി ഇടപഴകുമ്പോൾ തലച്ചോറിന് കൂടുതൽ ശാന്തത ലഭിക്കുമെന്ന് പഠന റിപ്പോർട്ട്

വളർത്തു നായ്‌ക്കളുമായി ഇടപഴകുമ്പോൾ തലച്ചോറിന് കൂടുതൽ ശാന്തത ലഭിക്കുമെന്ന് പഠന റിപ്പോർട്ട്. ദക്ഷിണ കൊറിയയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. പ്ലോസ്‌ വണ്‍ ജേണലിലാണ്‌ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വളര്‍ത്തു നായയുടെ ഒപ്പം നടക്കാന്‍ പോകുന്നത്‌ ഒരാളെ കൂടുതല്‍ ശാന്തനാക്കുമെന്നും നായയുടെ രോമം ബ്രഷ്‌ ചെയ്യുന്നത്‌ ശ്രദ്ധ മെച്ചപ്പെടുത്തുമെന്നും പഠനത്തിൽ പറയുന്നു. 30 മുതിർന്നവരിലാണ് പഠനം നടത്തിയത്. ഇവരുടെ തലയില്‍ ഇലക്ട്രോഡ്‌ ഹെഡ്‌സെറ്റ്‌ ഘടിപ്പിച്ചാണ് നായ്ക്കളുമായി ഇടപെടുമ്പോഴുള്ള തലച്ചോറിലെ തരംഗങ്ങളുടെ മാറ്റങ്ങള്‍ ഗവേഷകര്‍ നിരീക്ഷിച്ചത്. നായുമായുള്ള കൂടിക്കാഴ്‌ച, അതിനൊപ്പം കളി, ഭക്ഷണം നല്‍കല്‍, മസാജ്‌, ഗ്രൂമിങ്‌, ഫോട്ടോ എടുക്കല്‍, കെട്ടിപിടുത്തം, നടത്തം എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ ഓരോന്നും മൂന്ന്‌ മിനിട്ട്‌ നേരത്തേക്കാണ്‌ ഗവേഷണത്തില്‍ പങ്കെടുത്തവര്‍ ചെയ്‌തത്‌. ഇതിന്‌ ശേഷം വൈകാരികമായി എന്ത്‌ തോന്നിയെന്ന്‌ അറിയാനുള്ള സര്‍വേയും ഇവര്‍ പൂര്‍ത്തിയാക്കി. നായ്ക്കളുമായി കളിക്കുമ്പോഴും നടക്കുമ്പോഴും ഇവരുടെ തലച്ചോറില്‍ ആല്‍ഫ തരംഗങ്ങള്‍ ശക്തമാകുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഇത്‌ കൂടുതല്‍ ശാന്തത തലച്ചോറിന്‌ ലഭിക്കുന്നു എന്നതിന്റെ അടയാളമാണ്‌. ഈ എട്ട്‌ പ്രവര്‍ത്തനങ്ങള്‍ക്കും ശേഷം ഗവേഷണത്തില്‍ പങ്കെടുത്തവരുടെ സമ്മര്‍ദ്ദവും ക്ഷീണവും വിഷാദചിന്തയും കുറഞ്ഞതായി ഗവേഷകര്‍ നിരീക്ഷിച്ചു. എന്നാല്‍ ഈ പറഞ്ഞ ഗുണങ്ങളൊക്കെ ലഭിക്കണമെങ്കില്‍ പെറ്റ്‌ തെറാപ്പിക്ക് ഉപയോഗിക്കുന്ന നായയെ ആദ്യം ഒരാള്‍ക്ക്‌ ഇഷ്ടമാകണമെന്ന്‌ ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. നായ്‌ക്കളുമായി ബന്ധപ്പെട്ട്‌ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍ക്കും നായ്‌ക്കളെ ഇഷ്ടമല്ലാത്തവര്‍ക്കും ഈ തെറാപ്പി ഫലം ചെയ്യില്ല എന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

LEAVE A REPLY