ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്ത് താപനില ഉയരുന്നു

ചുട്ടുപൊള്ളി കേരളം. സംസ്ഥാനത്ത് താപനില ഉയരുന്നു. തുടർച്ചയായി രണ്ടാം ദിവസവും ഔദ്യോഗികമായി രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് കോട്ടയത്ത് രേഖപ്പെടുത്തി. സാധാരണയെക്കാൾ 4°c കൂടി 38.5 °c, ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സീസണിൽ സംസ്ഥാനത്ത് രേഖപെടുത്തിയ ഏറ്റവും ഉയർന്ന ചൂട് കൂടിയാണിത്. കണ്ണൂർ എയർപോർട്ടിൽ ഇന്നലെ 38.3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു. ആലപ്പുഴയിൽ 4.4°c കൂടി 37.6° c രേഖപ്പെടുത്തി.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റിക് സ്റ്റേഷൻ ഡാറ്റാ പ്രകാരം പത്തനംതിട്ട, കണ്ണൂർ, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ശരാശരി ഉയർന്ന താപനില രേഖപെടുത്തിയത്. രാത്രിയിലും താപനില വലിയ തോതിൽ കുറയുന്നില്ല എന്നുള്ളത് ആശങ്കാജനകമാണ്. 27 – 30 ഡി​ഗ്രി സെൽഷ്യസിന് ഇടയിൽ പലയിടത്തും രാത്രിയിലും താപനില ഉയർന്നു തന്നെ നിൽക്കുന്നുണ്ട്. എന്നാൽ പാലക്കാട്‌ തുടർച്ചയായി രണ്ടാം ദിവസവും സാധാരണയിൽ കുറവ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 35.1°c . അതേസമയം, 2024 ഫെബ്രുവരി 29 വരെ കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ 37°C വരെയും, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.