നിപ വൈറസ് വാഹകരായ വവ്വാലുകൾ കേരളത്തിന്റെ പല ജില്ലകളിൽ

നിപ വൈറസ് വാഹകരായ വവ്വാലുകളും കേരളത്തിന്റെ പല ജില്ലകളിലുണ്ടെന്നും എത്രയും വേഗം ഇതുമായി ബന്ധപ്പെട്ട നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കണമെന്നും ഐസിഎംആർ റിപ്പോർട്ട്. നിപ്പ വൈറസിന്റെ ദക്ഷിണേന്ത്യൻ വകഭേദം ഉണ്ടാകാമെന്ന് ഈ വർഷം ഫെബ്രുവരിയിൽ ബിഎംസി ഇൻഫെക്‌ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഐസിഎംആർ പങ്കുവെക്കുന്നു.

2018 ൽ കോഴിക്കോടും 2019 ൽ എറണാകുളത്തും സ്ഥിരീകരിച്ച നിപ വവ്വാലുകളിൽ നിന്നുതന്നെയാണ് മനുഷ്യനിലെത്തിയതെന്ന് 2019 ൽ ഐസിഎംആർ പുറത്തിറക്കിയ പഠനത്തിൽ വ്യക്തമാക്കിയിരുന്നു. നിപ്പയുമായി ബന്ധപ്പെട്ട് ബംഗ്ലദേശ്, മലേഷ്യ വകഭേദങ്ങൾ മാത്രമാണ് നിലവിലുള്ളത്. കേരളത്തിൽ കണ്ടെത്തിയ വൈറസിന്റെ ജനിതകഘടന ബംഗ്ലാദേശ്, മലേഷ്യൻ വകഭേദങ്ങളിൽ നിന്ന് വ്യത്യാസമുള്ളതിനാൽ ‘ഇന്ത്യ ഐ’ എന്ന നിപ വൈറസിന്റെ പുതിയ വകഭേദം ദക്ഷിണേന്ത്യയിൽ വ്യാപിക്കുന്നുണ്ടാകാമെന്ന് പഠനം പറയുന്നു.

LEAVE A REPLY