സംസ്ഥാനത്ത് 39 അത്യാധുനിക ഐസൊലേഷൻ വാർഡുകൾ കൂടി വരുന്നു

സംസ്ഥാനത്ത് 39 അത്യാധുനിക ഐസൊലേഷൻ വാർഡുകൾ കൂടി വരുന്നു. വാർഡുകളുടെ ഉദ്ഘാടനം ഫെബ്രുവരി 6ന് തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാർ, അതത് മണ്ഡലങ്ങളിലെ എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

കൊവിഡ് പോലെയുള്ള മഹാമാരികളും മറ്റ് പകർച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതൽ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് മൾട്ടിപർപ്പസിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. എം.എൽ.എ. ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ചുള്ള 250 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കുന്നത് കെ.എം.എസ്.സി.എൽ. ആണ്. 10 കിടക്കകളുള്ള പേഷ്യന്റ് കെയർ സോൺ, പ്രവേശന ലോബിയോട് കൂടിയ കാത്തിരുപ്പ് കേന്ദ്രം, സ്റ്റോർ, ശൗചാലയത്തോട് കൂടിയ സ്റ്റാഫ് റൂം, ഡോക്ടേഴ്സ് റൂം, ഡ്രെസിംഗ് റൂം, നഴ്‌സസ് സ്റ്റേഷൻ, എമർജൻസി പ്രൊസീജർ റൂം, ടോയ്ലറ്റ് ബ്ലോക്ക്, മെഡിക്കൽ ഗ്യാസ് സംഭരണത്തിനുള്ള റൂം, പാസേജ്, ആധുനിക ഉപകരണങ്ങൾ ഉൾപ്പടെയുള്ള സൗകര്യങ്ങളോട് കൂടിയ മുറികൾ ഓരോ ഐസോലേഷൻ വാർഡിലും സജ്ജീകരിച്ചിട്ടുണ്ട്.