ഇന്ത്യയിലെ സ്ത്രീകൾക്ക് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷനെക്കുറിച്ച് അവബോധം കുറവാണെന്ന് പഠനം. ഇന്ത്യയിലെ സ്ത്രീകൾക്കിടയിൽ യൂറിനറി ഇൻഫെക്ഷൻ ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതിനു പിന്നിൽ അവബോധമില്ലായ്മയും സ്റ്റിഗ്മയുമാണെന്നാണ് പഠനം പറയുന്നത്. എസ്.എസ്.ആർ.ജി. ഇന്റർനാഷണൽ ജേർണൽ ഓഫ് മെഡിക്കൽ സയൻസസിലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാൽപതുശതമാനത്തിലധികം സ്ത്രീകളിൽ ഇടയ്ക്കിടെ അണുബാധ കണ്ടുവരുന്നുണ്ടെന്നും ഗർഭകാലത്തെ പ്രധാന സങ്കീർണതകളിലൊന്നായി ഇതു കണ്ടുവരുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു. യൂറിനറി ഇന്ഫെക്ഷന് മതിയായ ചികിത്സ തേടാൻ സ്ത്രീകൾ മടികാണിക്കാറുണ്ടെന്നും പഠനത്തിന് നേതൃത്വം നൽകിയ അന്യൗ ചൗധരി വ്യക്തമാക്കുന്നു. മൂത്രമൊഴിക്കാതെ പിടിച്ചുവെക്കുന്നതും ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും ലൈംഗികബന്ധത്തിനു ശേഷം ശുചിത്വം കാക്കാത്തതുമൊക്കെ അണുബാധയിലേക്ക് നയിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.