പുരുഷന്മാരില്‍ കുത്തിവയ്ക്കാവുന്ന ഗര്‍ഭനിരോധന മരുന്ന് വൈകാതെ വിപണിയിലെത്തും. ലോകത്തിലെ ആദ്യ കുത്തിവെക്കാവുന്ന പുരുഷ ഗര്‍ഭനിരോധന മാര്‍ഗ്ഗത്തിന്റെ പരീക്ഷണങ്ങള്‍ ICMR പൂര്‍ത്തിയാക്കി. ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ ഈ രീതി സുരക്ഷിതവും വളരെ ഫലപ്രദവുമാണെന്ന് ക്ലിനിക്കല്‍ ട്രയല്‍ വ്യക്തമാക്കുന്നു. ക്ലിനിക്കല്‍ ട്രയലിന്റെ മൂന്നാം ഘട്ടത്തില്‍ 25-40 വയസ് പ്രായമുള്ള 303 പുരുഷന്മാരും അവരുടെ ഭാര്യമാരും പങ്കെടുത്തു. ന്യൂ ഡല്‍ഹി, ഉധംപൂര്‍, ലുധിയാന, ജയ്പൂര്‍, ഖരഗ്പൂര്‍ എന്നിവിടങ്ങളിലാണ് ട്രയലുകള്‍ നടത്തിയത്. ശുക്ലത്തില്‍നിന്ന് ബീജകോശങ്ങളെ ഒഴിവാക്കുന്നതില്‍ ഈ മരുന്ന് 97.3 ശതമാനം വിജയം കൈവരിച്ചെന്നും 99.02 ശതമാനം കാര്യക്ഷമതയോടെ ഗര്‍ഭനിയന്ത്രണം സാധ്യമാക്കാനും ഈ മരുന്നിനു കഴിയുമെന്ന് ഐസിഎംആറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള മറ്റെല്ലാ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ മാര്‍ഗം ഏറ്റവും ഉയര്‍ന്ന ഫലപ്രാപ്തി നല്‍കുന്നതായി ICMR പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു. രാജ്യാന്തര ജേണലായ ആന്‍ഡ്രോളജിയിലാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.