തിരുവനന്തപുരം: കെഎംഎസ്സിഎൽ തീപിടുത്തത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കൊവിഡ് കാലത്ത് വാങ്ങിയ ഒന്നും കത്തിനശിച്ചിട്ടില്ലെന്നും സമഗ്ര അന്വേഷണം നടത്താൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. പ്രത്യേക സമിതി അന്വേഷിക്കണമെന്നാണ് സർക്കാർ നിലപാടെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണം ഏകോപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മെയ് 17 ന് കൊല്ലം മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗോഡൗൺ പൂർണമായും കത്തി നശിച്ചിരുന്നു. ബ്ലീച്ചിങ് പൗഡർ കത്തിയാണ് തീപിടുത്തമുണ്ടായതെന്നാണ് ഗോഡൗണ്‍ ജീവനക്കാർ അറിയിച്ചത്. പിന്നീട് ആലപ്പുഴയിലെയും വണ്ടാനത്തെയും മരുന്ന് സംഭരണ ശാലകളിൽ തീപിടിത്തമുണ്ടായിരുന്നു.