കോവിഡ് പ്രത്യേക ആശുപത്രികളുടെ സജ്ജീകരണത്തിന് സ്പീക്കറും മന്ത്രി കെ.ടി ജലീലും ഒരു കോടി വീതം നല്‍കും

പൊന്നാനി താലൂക്കിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു കൊറോണ സ്പെഷൽ ഹോസ്പിറ്റൽ എടപ്പാൾ നടുവട്ടത്തെ ശ്രീവൽസം ഹോസ്പിറ്റലിൽ സജ്ജീകരിക്കാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലും തങ്ങളുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് ഓരോ കോടി രൂപ വീതം നൽകുമെന്ന് അറിയിച്ചു. വരാനിടയുള്ള ദുരന്തം നേരിടാൻ സർവസജ്ജമാകാനുള്ള ഒരുക്കത്തിൻ്റെ ഭാഗമാണിതെന്ന് മന്ത്രി പറഞ്ഞു. ആവശ്യമുള്ളവരുടെ സാമ്പിളുകളെടുത്ത് ദ്രുത പരിശോധന നടത്താനുള്ള കിറ്റുകളും രോഗബാധിതർക്ക് പര്യാപ്തമായ വെൻ്റിലേറ്ററുകൾ സംവിധാനിക്കുന്നതിനും കോവിഡ് പ്രതിരോധത്തിനുതകുന്ന മറ്റു ഉപകരണങ്ങൾ ഒരുക്കുന്നതിനുമാണ് ഈ സംഖ്യ ഉപയോഗപ്പെടുത്തുക. കൊറോണക്കെതിരായ പേരാട്ടം വിജയകരമായി അവസാനിച്ച് കഴിഞ്ഞാൽ ഈ ഉപകരണങ്ങളെല്ലാം എടപ്പാൾ, തവനൂർ ഗവ: ഹോസ്പിറ്റലുകൾക്കും പൊന്നാനി ഇമ്പിച്ചിബാവ സർക്കാർ താലൂക്ക് ആശുപത്രിക്കും കൈമാറാനുമാണ് പദ്ധതിയിട്ടിരിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

ജില്ലയിലെ മറ്റ് എം.എല്‍.എമാരും ഇത്തരത്തില്‍ മുന്നോട്ട് വരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരുമായും പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കലക്ടറേടറ്റില്‍ സംസാരിക്കുകയായിരുന്നു സ്പീക്കറും മന്ത്രിയും. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് നടക്കുന്നത്. സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാകുന്നത് വരെ വരും ദിവസങ്ങളിലും ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങാതെ സഹകരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു

LEAVE A REPLY