ദുബായ്: യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ ദുബായ് ഗ്ലോബൽ വില്ലേജ് തുടർച്ചയായി രണ്ടാം ദിവസവും അടച്ചിട്ടു. പ്രധാന നഗരങ്ങളടക്കം എല്ലായിടത്തും ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. അബുദാബി, ദുബൈ നഗരം, ദുബൈ എമിറേറ്റിന്റെ കിഴക്കൻ മേഖല, ഷാർജ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിൽ കനത്ത മഴ രേഖപ്പെടുത്തിയതായും ജാഗ്രത തുടരണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യാത്ര ദുഷ്കരമായതിനെ തുടർന്ന് ഫുഡ് ഡെലവറി ആപ്പുക്കൾ ഓർഡറുകൾ സ്വീകരിക്കുന്നത് താത്കാലികമായി നിർത്തിവെച്ചു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയുള്ള യാത്ര ഒഴിവാക്കണമെന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. മഴ ശക്തമായതിനാൽ ചില സ്കൂളുകളിൽ ക്ലാസുകൾ ഓൺലൈനായി നടക്കും. അടുത്ത രണ്ടു ദിവസങ്ങളിലും മഴ തുടരുമെന്നും മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും അന്തരീക്ഷ ഊഷ്മാവ് വീണ്ടും താഴാൻ സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.