തിരുവനന്തപുരം: ചുരിദാര്‍ ധരിച്ച് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രദര്‍ശനമാകാം എന്ന ഉത്തരവ് മരവിപ്പിച്ചു. ക്ഷേത്രത്തിലെ നിലവിലെ സ്ഥിതി തുടരണമെന്നും ജില്ലാ ജഡ്ജി നിര്‍ദേശം നല്‍കി. ഇന്ന് ചുരിദാര്‍ ധരിച്ച് ക്ഷേത്ര ദര്‍ശനത്തിനെത്തിയവരെ തടഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് ക്ഷേത്രം എക്‌സിക്ക്യൂട്ടീവ് ഓഫീസര്‍ കെ. എന്‍ സതീഷ് ഉത്തരവിറക്കിയിരുന്നു. ഇന്ന് പുലര്‍ച്ചയോടെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ സ്ത്രീകളില്‍ ചുരിദാര്‍ ധരിച്ചവരെ പ്രത്യേകം മുണ്ട് ധരിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ എതിര്‍പ്പുമായി ഹൈന്ദവ സംഘടനകള്‍ക്ക് രംഗത്തെത്തിയിരുന്നു.
ചുരിദാറിന് മുകളില്‍ മുണ്ട് ചുറ്റിയാണ് ഇതുവരെ ക്ഷേത്രത്തിനുള്ളില്‍ കടക്കാറുള്ളത്. ഇത്തരത്തില്‍ ആധുനിക വേഷം ധരിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് വിലക്ക് മാറ്റിയിരുന്നു. മാന്യമായി വസ്ത്രം ധരിച്ച് വരുന്ന എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്നാണ് 1936ലെ ക്ഷേത്ര പ്രവേശന വിളംബരത്തില്‍ പറഞ്ഞിരുന്നത്.