ഖത്തറിലെ പൊതുമാപ്പ് കാലാവധി ഇന്നു കൂടി മാത്രം; നാളെ മുതല്‍ കര്‍ശന പരിശോധന

ദോഹ: നിയമപരമായ രേഖകള്‍ കൈവശമില്ലാതെ രാജ്യത്ത് തങ്ങുന്നവര്‍ക്ക് ശിക്ഷയില്ലാതെ നാട്ടിലേക്ക് മടങ്ങാവുന്ന ‘പൊതുമാപ്പ്’ കാലാവധി ഖത്തറില്‍ ഡിസംബര്‍ ഒന്നിന് അവസാനിക്കും. കഴിഞ്ഞ സെപ്തംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വന്ന പൊതുമാപ്പില്‍ ഇതിനകം അനധികൃതമായി താമസിച്ചവിവിധ രാജ്യക്കാരായ ഒന്‍പതിനായിരത്തില്‍ പരം ആളുകള്‍ രാജ്യംവിട്ടതായാണ് ലഭ്യമാകുന്ന വിവരം.

പൊതുമാപ്പിന്റെ ഭാഗമായി 1500 ഓളം ഇന്ത്യക്കാര്‍ക്ക് ഔട്ട് പാസ്സ് നല്‍കിയതായി ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ വ്യക്തമാക്കിയിരുന്നു. മുന്‍പ് ഔട്പാസ്സിനു ഫീസ് ഈടാക്കിയിരുന്നെങ്കിലും മാധ്യമങ്ങളുടെ ഇടപെടലുകളെ തുടര്‍ന്ന് ഇന്ത്യന്‍ എംബസ്സി പൊതുമാപ്പ് കാലയളവില്‍ ഔട്ട്പാസ്സ് രേഖകള്‍ നല്‍കുന്നതിനുള്ള ഫീസ് ഇളവുചെയ്യുകയായിരുന്നു.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ , കള്‍ച്ചറല്‍ഫോറം ഖത്തര്‍ ,സോഷ്യല്‍ ഫോറം, കെഎംസിസി ഖത്തര്‍ ,വിഖായ ഖത്തര്‍ തുടങ്ങിയ സംഘടനകള്‍ സജീകരിച്ച പൊതുമാപ്പ് ഹെല്‍പ്പ് ഡസ്‌ക് സംവിധാനം ഒട്ടേറെപേര്‍ക്ക് പൊതുമാപ്പ് പ്രയോജനപെടുത്താന്‍ സഹായകരമായി. വര്‍ഷങ്ങളായി രാജ്യം വിടാന്‍ കഴിയാതിരുന്ന സ്ത്രീകളടക്കമുള്ള നിരവധിപേര്‍ക്ക് പൊതുമാപ്പ് തുണയായി.

ഇതിനിടെ, പൊതുമാപ്പ് കാലാവധി നീട്ടണമെന്ന് ചില രാജ്യങ്ങളുടെ എംബസ്സികള്‍ ആവശ്യപെട്ടെങ്കിലും വിഷയത്തില്‍ ഇതുവരെ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.നാളെ പൊതുമാപ്പിന്റെ കാലാവധി അവസാനിക്കുന്നതോടെ നിയമപരമായി രേഖകളില്ലാത്തവര്‍ക്കെതിരെ സര്‍ച് ആന്‍ഡ് ഫോളോഅപ്പ് നടപടികള്‍ ശകതമാക്കും.ഡിസംബര്‍ ഒന്നിന് ശേഷം രാജ്യത്ത് തങ്ങുന്ന വിദേശികള്‍ താമസ രേഖകള്‍ ശരിയാക്കി വയ്ക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Attachments area

LEAVE A REPLY