തിരുവനന്തപുരം: പഠനത്തോടൊപ്പം തൊഴില്‍ സര്‍ക്കാര്‍ നയമായി അംഗീകരിച്ചു. പഠനത്തിന്റെ ഇടവേളകളിലെ പാര്‍ട്ട്ടൈം തൊഴിലിന് വിദ്യാര്‍ത്ഥികള്‍ക്ക് ഓണറേറിയം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. 18-നും 25-നും ഇടയിലുള്ള പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ സേവനമാണ് ഈ പദ്ധതിയിലൂടെ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.
പഠനത്തോടൊപ്പം ഓണറേറിയത്തോടുകൂടി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ എടുക്കാവുന്ന സംസ്കാരം വളര്‍ത്തിയെടുക്കുന്നത് നയമായിട്ടാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. പഠനത്തിന് തടസ്സം വരാത്ത രീതിയിലാകും പദ്ധതി നടപ്പിലാക്കുക. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരുമാണ് പദ്ധതിയില്‍ പങ്കാളിയാവുന്നത്.
ഒരു ധനകാര്യ വര്‍ഷത്തില്‍ 90 ദിവസം വിദ്യാര്‍ത്ഥികളുടെ സേവനം വിനിയോഗിക്കണമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംരംഭങ്ങളും വേതനത്തിനുവേണ്ടി വകയിരുത്തുന്ന തുകയുടെ 15 ശതമാനം പാര്‍ട്ട്ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണറേറിയം നല്‍കും. പഠനത്തോടൊപ്പം തൊഴില്‍ പദ്ധതിയുടെ നോഡല്‍ വകുപ്പായി തൊഴിലും നൈപുണ്യവും വകുപ്പിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.