‘ബിജു മേനോന്‍ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങള്‍ നിവര്‍ന്ന നട്ടെല്ലോടെ നിര്‍ഭയം പറയുന്ന ബിജു ചേട്ടന്‍ എന്ന വ്യക്തിയെ’, വിമര്‍ശകരുടെ വായടപ്പിച്ച് ഗോകുല്‍ സുരേഷ്

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ പിന്തുണച്ച് പ്രചരണ പരിപാടിക്ക് എത്തിയ ബിജു മേനോനെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത് സുരേഷ് ഗോപിയുടെ മകനും നടനുമായി ഗോകുല്‍ സുരേഷ് ഗോപിയാണ്. ബിജു മേനോനെ വിമര്‍ശിച്ചുള്ള ചില പോസ്റ്റുകളും കമന്റുകളും പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് ഗോകുല്‍ മറുപടി നല്‍കിയിരിക്കുന്നത്.

‘മിസ്റ്റര്‍ ബിജുമേനോന്‍, ഉള്ള വില കളയാതെടോ.. ചാണകം ചാരിയാല്‍ ചാണകം തന്നേ മണക്കൂ..’ ഇത്തരത്തില്‍ ഒട്ടേറെ പോസ്റ്റുകള്‍ പങ്കുവച്ച് ഗോകുല്‍ കുറിച്ചു. ‘ഇങ്ങനെ ഒരേപോലത്തെ കമന്റുകള്‍ തന്നെ പലയിടത്തും വായിച്ച് മടുത്തു. മനസിലാക്കുന്നവര്‍ മനസിലാക്കിയാല്‍ മതി. ബിജു മേനോന്‍ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങള്‍ നിവര്‍ന്ന നട്ടെല്ലോടെ നിര്‍ഭയം പറയുന്ന ബിജു ചേട്ടന്‍ എന്ന വ്യക്തിയെ!’ ഗോകുല്‍ നിലപാട് വ്യക്തമാക്കി. അച്ഛന് വോട്ടുതേടി ഗോകുലും അമ്മയും തൃശൂരില്‍ പ്രചാരണത്തിനെത്തിയിരുന്നു.