സംസ്ഥാനത്ത് ‘ClickFix’ എന്ന പേരില്‍ പുതിയ സൈബര്‍ തട്ടിപ്പ് നടക്കുന്നതായും ജാഗ്രത പാലിക്കണമെന്നും കേരള പോലീസിന്റെ മുന്നറിയിപ്പ്. വിവിധ വെബ്സൈറ്റുകളില്‍ പോപ്പപ് ചെയ്യുന്ന കമാന്റുകളിലൂടെ ഉപഭോക്താവിന്റെ സിസ്റ്റം ഹാക്ക് ചെയ്ത് പണം തട്ടാനാണ് ഹാക്കര്‍മാര്‍ ശ്രമിക്കുന്നത്.
ചില വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍, അവയില്‍ GENUINE CAPTCHA വെരിഫിക്കേഷന് ഉണ്ടായിരിക്കും. എന്നാല്‍ സൈബര്‍ കുറ്റവാളികള്‍ CAPTCHA പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം, ഉപയോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മറ്റൊരു ഡയലോഗ് ബോക്സ് പ്രദര്‍ശിപ്പിക്കുന്നു. ഇത്തരത്തിലുള്ള ഡയലോഗ് ബോക്സില്‍ സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിനായി തയ്യാറാക്കിയ വിവിധ നിര്‍ദ്ദേശങ്ങളായിരിക്കും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍, സൈബര്‍ കുറ്റവാളികള്‍ക്ക് നിങ്ങളുടെ സിസ്റ്റം ഹാക്ക് ചെയ്യുന്നതിനും അതിലൂടെ നിങ്ങളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് പാസ് വേഡുകള്‍, ഇമെയില്‍ അക്കൗണ്ടുകള്‍, ബ്രൗസറില്‍ സേവ് ചെയ്തിരിക്കുന്ന സോഷ്യല്‍മീഡിയ അക്കൗണ്ടുകളുടെ പാസ് വേഡുകള്‍ എന്നിവ കൈക്കലാക്കുകയും തുടര്‍ന്ന് സൈബര്‍ കുറ്റവാളികള്‍ ഈ ഡാറ്റ ലോക്ക് ചെയ്യുകയും ഇപ്രകാരം ലോക്ക് ചെയ്ത അക്കൗണ്ടുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനായി പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതിയെന്നും മുന്നറിയിപ്പില്‍ പറയുന്നു. പ്രേക്ഷകര്‍ ജാഗ്രത പാലിക്കുക.



















