പ്രതിസന്ധികള്‍ക്കിടയില്‍ സാമ്പത്തികമായി കരകയറാന്‍ കെഎസ്ആര്‍ടിസി നടത്തിവന്ന ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. പ്രിയദര്‍ശിനി പദ്ധതി തീര്‍ത്ത ആഘാതത്തിന് പിന്നാലെയാണ് കൊറിയര്‍ ആന്റ് ലൊജിസ്റ്റിക്‌സ് സര്‍വീസിലും കെഎസ്ആര്‍ടിസി പരാജയം മണത്തുതുടങ്ങിയത്.
കൊറിയര്‍ സേവനത്തിലൂടെ കെഎസ്ആര്‍ടിസിക്ക് കൊല്ലം ജില്ലയില്‍ ലഭിച്ചുകൊണ്ടിരുന്ന വരുമാനത്തിലുണ്ടായ തകര്‍ച്ചയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രതിദിനം 20000 രൂപ ജില്ലയില്‍ നിന്നും മാത്രം ലഭിച്ചിരുന്നുവെങ്കില്‍ ഇപ്പോഴിത് പ്രതിദിനം 5000 രൂപയായി കൂപ്പുകുത്തി.
ജില്ലയില്‍ മാത്രം പ്രതിദിനം 2000 പാഴ്‌സലുകളാണ് മുമ്പ് സര്‍വ്വീസ് നടത്തിയിരുന്നത്. റൂട്ട് ബസുകള്‍ ഉപയോഗിച്ച് സേവനം നടത്തിയിരുന്നതിനാല്‍ ഡെലിവറിക്കുള്ള അധിക ചാര്‍ജ് കെഎസ്ആര്‍ടിസിക്ക് ലാഭിക്കാന്‍ സാധിച്ചിരുന്നു. കുറഞ്ഞ നിരക്കില്‍ 16 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ എവിടെയും ഡെലിവറി നല്‍കിയിരുന്ന കെഎസ്ആര്‍ടിസി സേവനം ഇപ്പോള്‍ തകര്‍ച്ചയുടെ പാതയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.



















