ചുംബിക്കുമ്പോൾ ഇടയ്ക്കൊന്നു സൂക്ഷിക്കുന്നത് നല്ലതാണ്. ക്ഷയരോഗാണുക്കൾ സജീവമായി തൊണ്ടയിലും ഉമിനീരിലും ഉള്ള രോഗികളിൽ നിന്ന് ചുംബനം വഴിയും ടിബി പകരാമെന്ന് പൾമനോളജിസ്‌റ്റ് ഡോ. വികാസ് മിത്തൽ ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ ഇത് ടിബി പകരുന്ന സർവസാധാരണമായ വഴിയല്ലെന്നും വായു വഴിയാണ് പ്രധാനമായും ടിബി പകരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ചുംബിക്കുമ്പോൾ അണുബാധിതമായ കണികകൾ ശ്വസിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ശ്വാസകോശത്തിന് പുറത്ത് ജനനേന്ദ്രിയ ഭാഗങ്ങളിൽ വരുന്ന ടിബി ലൈംഗിക ബന്ധത്തിലൂടെ പടരുമെന്നതിനും ശക്തമായ തെളിവുകളില്ല. അതേ സമയം സ്രവങ്ങളിൽ നിന്ന് ഏതെങ്കിലും മുറിവുകൾ വഴി ഈ അണുക്കൾ ശരീരത്തിനുള്ളിലെത്താം. എന്നാൽ അത് വളരെ അപൂർവമായി മാത്രം സംഭവിക്കാൻ സാധ്യതയുള്ള കാര്യമാണെന്നും ഡോ. വികാസ് കൂട്ടിച്ചേർക്കുന്നു. എന്നാൽ ലേറ്റന്റ് ടിബി ശ്വാസകോശത്തിൽ സജീവമായാൽ ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും ഇത് പുറത്ത് വന്ന് രോഗം പരത്താം.




















