ഹല്‍വയ്ക്കുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

കോഴിക്കോട്: ഹല്‍വയ്ക്കുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വിദേശത്തേക്ക് പോകുന്നയാളിന്റെ കയ്യില്‍ കഞ്ചാവ് ഒളിപ്പിച്ച ഹല്‍വ കൊടുത്തയക്കാന്‍ ശ്രമിച്ചയാളാണ് പിടിയിലായത്. പുതുപ്പാടി പഞ്ചായത്ത് ബസാര്‍ വള്ളിക്കെട്ടുമ്മല്‍ വി കെ മുനീഷ് (23) നെയാണ് താമരശേരി പൊലീസ് അറസ്റ്റു ചെയ്തത്. ഇതോടെ വിദേശത്തേയ്ക്ക് ജോലിയ്ക്ക് പോയ പുതുപ്പാടി അടിവാരം കമ്പിവേലുമ്മല്‍ അഷ്‌റഫിന്റെ മകന്‍ അനീഷ് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

അവധിക്കെത്തിയ അനീഷ് ബുധനാഴ്ച വൈകിട്ട് മടങ്ങാനിരിക്കെയാണ് പുതുപ്പാടി വള്ളിക്കെട്ടുമ്മല്‍ മുനീഷ് ഒരു പാര്‍സലുമായി എത്തിയത്. അബുദാബിയിലുള്ള പരിചയക്കാരന് നല്‍കാനെന്നു പറഞ്ഞാണ് ഹല്‍വ പൊതി ഏല്‍പിച്ചത്. പായ്ക്ക് ചെയ്തതില്‍ സംശയം തോന്നി മുനീഷ് പോയതിന് ശേഷം പൊതി അഴിച്ചു നോക്കിയപ്പോഴാണ് ഹല്‍വക്കുള്ളില്‍ കഞ്ചാവ് പൊതികള്‍ ഒളിപ്പിച്ചു വെച്ചതായി കണ്ടെത്തിയത്.

ഒന്നര കിലോ ഗ്രാം വരുന്ന ഹല്‍വയുടെ മുകള്‍ ഭാഗത്ത് ദ്വാരമുണ്ടാക്കി ഇതില്‍ രണ്ട് പാക്കറ്റിലായി ഒമ്പത് ഗ്രാം 870 മില്ലി കഞ്ചാവാണ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. പിറ്റേന്നു തന്നെ അനീഷ് പൊതി വീട്ടില്‍ തന്നെ വെച്ച ശേഷം വിദേശത്തേക്ക് പോയി. തുടര്‍ന്ന് അനീഷിന്റെ ബന്ധുക്കള്‍ നടത്തിയ നീക്കത്തില്‍ വെള്ളിയാഴ്ച ഉച്ചയോടെ മുനീഷ് പിടിയിലാകുകയായിരുന്നു.

നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ മുനീഷ് കുറ്റം സമ്മതിച്ചു. തുടര്‍ന്ന് വിവരം താമരശേരി പോലീസില്‍ അറിയിക്കുകയും എസ് ഐ ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പ്രതിയെയും കഞ്ചാവ് ഒളിപ്പിച്ച ഹല്‍വയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

LEAVE A REPLY