വൈറല്‍ വീഡിയോയ്ക്ക് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം: യുവതിക്ക് എതിരെ കുടുംബം

പയ്യന്നൂരില്‍ സ്വകാര്യ ബസില്‍ യുവതി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ നീതിക്കായി ഏതറ്റംവരെയും പോകുമെന്ന് കുടുംബം. വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിക്കപ്പെട്ടതില്‍ മനം നൊന്താണ് ദീപക്ക് ജീവനൊടുക്കിയതെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചു. സമൂഹ മാധ്യമത്തില്‍ റീച്ച് കൂട്ടാന്‍ യുവതി കാണിച്ച പ്രഹസനമാണ് ദുരന്തത്തിന് കാരണമായതെന്ന വ്യാപക വിമര്‍ശനം സോഷ്യല്‍ മീഡയയിലും ഉയരുന്നുണ്ട്.

മുഖ്യമന്ത്രി, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ക്കാണ് പരാതി നല്‍കുക. ദീപക്കിന്റെ ആത്മഹത്യയില്‍ അസ്വാഭാവിക മരണത്തിനാണ് ഇന്നലെ പോലീസ് കേസെടുത്തത്. കുടുംബത്തിന്റെ പരാതി കിട്ടിയാല്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാകും തുടര്‍ നടപടി. ബസില്‍ വെച്ച് ദുരനുഭവമുണ്ടായെന്ന ആരോപണം ദീപക്കിന്റെ മരണത്തിന് ശേഷവും യുവതി ആവര്‍ത്തിച്ചിരുന്നു. വടകര പോലീസില്‍ ഇക്കാര്യം അറിയിച്ചെന്നുമായിരുന്നു യുവതിയുടെ അവകാശ വാദം. എന്നാല്‍ ഈ വാദം വടകര പോലീസ് തള്ളി.