ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം

ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം. ലഹരിമരുന്നുകൾക്കെതിരായ ജനകീയ പോരാട്ടത്തിന് ‘ടോക് ടു മമ്മൂക്ക’ എന്ന പുതിയ സംരംഭത്തിന് തുടക്കമിടുകയാണ് അധികൃതർ. ലഹരിമരുന്നുപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങൾ ഫോണിലൂടെ കൈമാറാനുള്ള സംവിധാനമാണ് ടോക് ടു മമ്മൂക്ക. ലഹരിക്കെതിരേ ഒറ്റ ഫോൺകോളിനപ്പുറത്ത് ഇനി മമ്മൂട്ടിയും അദ്ദേഹത്തിന്റെ സേവനപ്രസ്ഥാനമായ കെയർ ആൻഡ്‌ ഷെയർ ഇന്റർനാഷണലുമുണ്ടാകും. എക്സൈസ് വകുപ്പിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കി. ഇതിലൂടെ ലഹരി മരുന്ന് വിപണനത്തെക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ കൈമാറാനുള്ള വിവരങ്ങൾ പൊതുജനങ്ങൾക് പങ്കുവെയ്ക്കാം. അത് കൃത്യമായി രേഖപ്പെടുത്തി അടിയന്തര നടപടികൾക്കായി കെയർ ആൻഡ്‌ ഷെയർ എക്സൈസ് വകുപ്പിന് കൈമാറും. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കും. ലഹരിയുടെ പിടിയിലായവർക്ക് കൗൺസലിങ് സേവനവും നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.