കെഎസ്ആർടിസി ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് എട്ടു വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു

എംസി റോഡിലെ മോനിപ്പള്ളിയിൽ കെഎസ്ആർടിസി ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് എട്ടു വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. നീണ്ടൂർ ഓണംതുരുത്ത് കറുപ്പൻപറമ്പിൽ കെ.കെ.സുരേഷ് , ഭാര്യ അമ്പളി , കാറിലുണ്ടായിരുന്ന സൂരജ് – രാജി ദമ്പതികളുടെ മകൻ ഏഴുവയസുകാരൻ ആർജിത്ത് എന്നിവരാണ് മരിച്ചത്. സുരജ് , രാജി എന്നിവരെയും മരിച്ച സുരേഷിന്റെ മകൻ 12 കാരൻ ഗോകുലിനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. നിയന്ത്രണം നഷ്ടപ്പെട്ട കാർ കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന കാറിനുള്ളിൽനിന്ന് നാട്ടുകാരും പോലീസും ചേർന്നാണ് യാത്രക്കാരെ പുറത്തെടുത്തത്. കാർ യാത്രികരാണ് മരിച്ചത്. സംഭവസ്ഥലത്ത് എത്തിയ കുറവിലങ്ങാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.