50 കഴിഞ്ഞവര്‍ വേണ്ട: 30 ശതമാനം സീറ്റ് നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

നടക്കാനിരിക്കുന്ന സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നിര്‍ദ്ദേശങ്ങളുമായി യൂത്ത് കോണ്‍ഗ്രസ്. ആകെ സീറ്റില്‍ 50 ശതമാനം സീറ്റുകള്‍ പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കുമായി മാറ്റിവയ്ക്കണമെന്നും 50 കഴിഞ്ഞവരെ പുതുമുഖങ്ങളായും യൂത്ത് കോഗ്രസായും അവതരിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വത്തിന് യൂത്ത് കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കി.

വീതം വെയ്ക്കുന്ന 50 ശതമാനത്തില്‍ 30 ശതമാനം സീറ്റുകള്‍ യൂത്ത് കോണ്‍ഗ്രസിനു നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം എറണാകുളത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ നടത്തിയ പോരാട്ടങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു വിജയം സമ്മാനിച്ചതെന്ന് നേതൃത്വം ഓര്‍ക്കണമെന്ന മുന്നറിയിപ്പും സംസ്ഥാന കമ്മിറ്റി മുന്നോട്ടുവച്ചു.

50 വയസ്സ് പിന്നിട്ടവരെപോലും പുതുമുഖമായും യൂത്ത് കോണ്‍ഗ്രസായും അവതരിപ്പിക്കാനാണ് ശ്രമമെങ്കില്‍ ആ പ്രവണത തിരുത്തണമെന്നും പ്രമേയം കെപിസിസിയോട് ആവശ്യപ്പെട്ടു. ദുര്‍ബല, പിന്നാക്ക, ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കുകയും അവരുടെ ശബ്ദം നിയമസഭയില്‍ ഉണ്ടാകുമെന്ന് ഉറപ്പാക്കുകയും വേണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.