തടവ് ശിക്ഷ ഒഴിവാക്കണം: ആന്റണി രാജു കോടതിയില്‍

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ലഭിച്ച മൂന്നുവര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രിയും എം.എല്‍.എയും ആയിരുന്ന ആന്റണി രാജു നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അപ്പീല്‍ പരിഗണിക്കുക.

കുറ്റപത്രം നല്‍കി 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിലെ വിധി എന്നതും ശ്രദ്ധേയമാണ്. അടിവസ്ത്രത്തില്‍ ലഹരി വസ്തു ഒളിപ്പിച്ച് കേരളത്തിലെത്തിയപ്പോള്‍ പിടിക്കപ്പെട്ട ഓസ്‌ട്രേലിയന്‍ പൗരന്‍ സാല്‍വദോര്‍ സാര്‍ലിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്നാണ് കേസ്. കേസില്‍ ആന്റണി രാജുവിനെയും കോടതി ക്ലര്‍ക്ക് ജോസിനെയും കോടതി ശിക്ഷിച്ചിരുന്നു.

1990 ഏപ്രില്‍ 4നായിരുന്നു സാല്‍വദോര്‍ സാര്‍ലി പിടിയിലായത്. ഇതിന് പിന്നാലെ തൊണ്ടിമുതലില്‍ തിരിമറി നടക്കുകയും നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സാല്‍വദോറിനെ കോടതി വെറുതെ വിടുകയും ചെയ്തു. തുടര്‍ന്ന് 19 വര്‍ഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് ഒന്നാം മജിസ്‌ട്രേറ്റ് കോടതിയാണ് തൊണ്ടിമുതല്‍ തിരിമറി കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.