മഞ്ഞുകാലം തുടങ്ങിയതോടെ ചുണ്ടുകൾ വരണ്ടതും വിണ്ടുകീറാനും തുടങ്ങും. ഇത് ചുണ്ടുകളിൽ നിറവ്യത്യാസം, അണുബാധ, വേദന തുടങ്ങിയവയ്ക്ക കാരണമാകാമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. എന്നാൽ മുൻകരുതലുകളും ശീലങ്ങളും ചുണ്ടുകളെ മൃദുവും ഈർപ്പമുള്ളതുമാക്കാൻ സഹായിക്കും. ചുണ്ടുകൾ വരളുമ്പോൾ നാവ് കൊണ്ട് നനയ്ക്കുന്ന ശീലം നമ്മളിൽ പലർക്കും ഉണ്ടാവും. എന്നാൽ ഇത് അവസ്ഥ കൂടുതൽ വഷളാക്കുകയേ ഉള്ളൂ. ഇത് ഉമിനീർ വേഗത്തിൽ ബാഷ്പീകരിക്കപ്പെടുകയും ഈർപ്പം നഷ്ടപ്പെടുത്തുകയും വരൾച്ച വർധിപ്പിക്കുകയും ചെയ്യുന്നു. ശൈത്യകാലത്ത് വെള്ളം കുടിക്കുന്നത് കുറയുന്നതും ചുണ്ടുകളുടെ വരൾച്ചയ്ക്ക് കാരണമാകാം. മാത്രമല്ല, ചില ലിപ്സ്റ്റിക്കുകൾ, ഗ്ലോസുകൾ, അല്ലെങ്കിൽ മോയ്‌സ്ചറൈസറുകൾ എന്നിവ ചുണ്ടുകൾക്ക് അസ്വസ്ഥതയുണ്ടാക്കുകയോ വരണ്ടതാക്കുകയോ ചെയ്യാമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. ബി2, ബി6, ബി12, സിങ്ക്, ഒമേഗ-3 വിറ്റാമിനുകളുടെ കുറവു അല്ലെങ്കിൽ കുടലിലെ വീക്കം ചുണ്ടുകൾ വരളാൻ കാരണമാകും. പുകവലി, ചുണ്ടുനക്കൽ, അല്ലെങ്കിൽ ആവർത്തിച്ചുള്ള ചുണ്ടുകടി എന്നിവ വരൾച്ച വർധിപ്പിക്കും. ദിവസവും മതിയായ അളവിൽ വെള്ളം കുടിക്കുക, ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ ഉമിനീരിന് പകരം ലിപ് ബാം ഉപയോഗിക്കുക, ശൈത്യകാലമാണെങ്കിലും പുറത്തുപോകുമ്പോൾ SPF അടങ്ങിയ ബാം ഉപയോഗിക്കുക, ചുണ്ടുകളിലെ ഈർപ്പം നിലനിർത്തുന്നതിനും ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വിറ്റാമിനുകളായ B2, B6, B9, B12, സിങ്ക്, ഒമേഗ-3 എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ ചുണ്ടുകളെ മൃദുവും ഈർപ്പമുള്ളതുമാക്കാൻ സഹായിക്കുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.


















