അകാല നര ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍

അകാല നര ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍. ചെറു പ്രായത്തില്‍ തന്നെ തലമുടി നരക്കുന്ന സാഹചര്യം നിരവധിപ്പേരില്‍ കണ്ടുവരുന്നതിന് പിന്നാലെയാണ് വിഷയത്തില്‍ ഗവേഷകര്‍ പഠനം നടത്തിയത്. മനുഷ്യര്‍ക്ക് വരുന്ന നരയും വ്യക്തിയുടെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. നര ആരോഗ്യത്തിന്റെ പ്രത്യക്ഷ സൂചനയാണെന്നും, പെട്ടന്ന് നരക്കുന്നവര്‍ക്ക് ആരോഗ്യപരവും ദൈര്‍ഖ്യമേറിയ ഒരു ജീവിതം മുന്നിലുണ്ടെന്നും പഠനങ്ങളെ ആധാരമാക്കി സ്പാനിഷ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. കാട്ടുപന്നികളില്‍ നടത്തിയ ഗവേഷണങ്ങളുടെ ഫലമായാണ് അകാലനരയ്ക്ക് പിന്നിലെ ആരോഗ്യ ഗുണങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയത്. മനുഷ്യരെപോലെ നരച്ച രോമങ്ങള്‍ കണ്ടുവരുന്ന കാട്ടുപന്നികള്‍ക്ക് നല്ല ആരോഗ്യമായിരിക്കുമെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ചെമ്പിച്ച മുടിയുള്ളവര്‍ ശ്രദ്ധിക്കണമെന്നും, ഇത്തരക്കാരുടെ ആരോഗ്യം മോശമായിരിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇക്കാര്യത്തിലും കാട്ടുപന്നികളുടെ ഉദാഹരണം തന്നെയാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ചെമ്പന്‍ രോമമുള്ള കാട്ടുപന്നികളില്‍ കോശനാശം കൂടുതലായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഫിസിയോളജിക്കല്‍ ആന്‍ഡ് ബയോകെമിക്കല്‍ സുവോളജിയിലാണ് പഠനഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.